സെല്‍വരാജ് വിജയിച്ചു

single-img
15 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. സെല്‍വരാജിന് വിജയം. 6,334 വോട്ടുകള്‍ക്കാണ് സെല്‍വരാജ് വിജയിച്ചത്. 52,528 വോട്ടുകളാണ് സെല്‍വരാജ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് 46,194 വോട്ടുകളും ബിജെപിയുടെ ഒ. രാജഗോപാല്‍ 30,507 വോട്ടുകളും നേടി. ഓരോ ഘട്ടത്തിലും ഫലങ്ങള്‍ മാറിമറിഞ്ഞ വോട്ടെണ്ണലില്‍ ഒ. രാജഗോപാലും തുടക്കത്തില്‍ മുന്നിലെത്തിയിരുന്നു.

ആദ്യ നാല് റൗണ്ടുകളില്‍ മുന്നേറ്റമുണ്ടാക്കാതിരുന്ന സെല്‍വരാജ് നെയ്യാറ്റിന്‍കര നഗരസഭയിലെ അവസാന ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയതോടെയാണ് മുന്നിലെത്തിയത്. ചെങ്കല്‍, തിരുപുറം പഞ്ചായത്തുകളിലെ വോട്ടുകള്‍ കൂടി എണ്ണിക്കഴിഞ്ഞതോടെ സെല്‍വരാജ് ആധിപത്യം ഉറപ്പിക്കുകയായിരുന്നു. നേരത്തെ അതിയന്നൂര്‍ പഞ്ചായത്തിലെയും നെയ്യാറ്റിന്‍കര നഗരസഭയിലെ ഭൂരിഭാഗം ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സിനായിരുന്നു മുന്‍തൂക്കം. ആദ്യ മൂന്നുറൗണ്ടുകളില്‍ ആയിരത്തിലധികം വോട്ടുകള്‍ക്കായിരുന്നു ലോറന്‍സ് ലീഡ് ചെയ്തിരുന്നത്. ഇത് പിന്നീട് കുറയുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ആദ്യ ഘട്ടത്തില്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. പല ബൂത്തുകളിലും രാജഗോപാലിനായിരുന്നു ഭൂരിപക്ഷം. തുടക്കത്തില്‍ സെല്‍വരാജിന് ഒരു ഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. രാജഗോപാലും ലോറന്‍സും തമ്മിലായിരുന്നു പോരാട്ടം.

എന്നാല്‍ അവസാന ബൂത്തുകളിലേക്ക് വന്നപ്പോള്‍ സെല്‍വരാജ്, രാജഗോപാലിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് കയറുകയായിരുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ യുഡിഎഫിന്റെ പ്രതീക്ഷയ്‌ക്കൊത്ത് വോട്ടുകള്‍ നേടാനായില്ലെന്നത് യുഡിഎഫ് ക്യാമ്പുകളിലും തുടക്കത്തില്‍ മൗനം പടര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇതിനു പിന്നാലെ എണ്ണിയ ചെങ്കല്‍ പഞ്ചായത്തും തിരുപുറം പഞ്ചായത്തും യുഡിഎഫിന് ഒപ്പം നില്‍ക്കുകയായിരുന്നു. നാടാര്‍ വിഭാഗത്തിന്തിരുപുറം പഞ്ചായത്തില്‍ 80 ശതമാനത്തോളം വോട്ടുകളാണുള്ളത്. കഴിഞ്ഞ തവണ 6702 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സെല്‍വരാജിന് ലഭിച്ചത്. ബിജെപിയുടെ വോട്ടുകളിലെ വര്‍ധനയും എടുത്തുപറയേണ്ടതാണ്. 2011 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അതിയന്നൂര്‍ ശ്രീകുമാര്‍ 6730 വോട്ടുകള്‍ മാത്രമായിരുന്നു നേടിയത്.

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ് വിജയിച്ചതോടെ സംസ്ഥാന നിയമസഭയില്‍ യുഡിഎഫ് പക്ഷത്തിന്റെ അംഗബലം 73 സീറ്റുകളായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുപക്ഷത്തിന് 68 സീറ്റുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ടി.എം.ജേക്കബിന്റെ മരണത്തോടെ യുഡിഎഫിന് 71 സീറ്റുകളും എല്‍ഡിഎഫിന് 68 സീറ്റുകളുമായി. നെയ്യാറ്റിന്‍കരയിലെ ഇടതു എംഎല്‍എയായിരുന്ന സെല്‍വരാജ് രാജിവച്ചതിനെതുടര്‍ന്ന് എല്‍ഡിഎഫിന് 67 സീറ്റുകളായി കുറഞ്ഞു. പിന്നീട് പിറവത്ത് യുഡിഎഫിന്റെ അനൂപ് ജേക്കബ് ജയിച്ചതോടെ 72 സീറ്റുകളോടെ പഴയ നിലയിലേക്ക് വന്ന യൂഡിഎഫിന് നെയ്യാറ്റിന്‍കരയിലെ വിജയത്തോടെ 73 സീറ്റുകളായി. ഇപ്പോള്‍ ആറു സീറ്റുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥിതി കൂടുതല്‍ ഭദ്രമാക്കിയിരിക്കുകയാണ്.