റെയില്‍വേയ്ക്കു വൃത്തിപോരെന്നു യാത്രക്കാര്‍

single-img
12 June 2012

ഇന്ത്യന്‍ റെയില്‍വേയ്ക്കു സുരക്ഷ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാലും യാത്രക്കാര്‍ ഒരുപരിധിവരെ ക്ഷമിക്കും. എന്നാല്‍ ട്രെയിനുകളിലേയും സ്റ്റേഷനുകളിലേയും ടോയ്‌ലെറ്റുകളുടെ കാര്യത്തില്‍ ഒരുതരത്തിലും ക്ഷമിക്കാനാവില്ലെന്നാണു യാത്രക്കാരുടെ നിലപാട്. 12,000 യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ അവരുടെ ഏറ്റവും വലിയ ആശങ്കയും ഇതു തന്നെ. വൃത്തികേടു നിറഞ്ഞ ടോയ്‌ലെറ്റുകളും കോച്ചുകളും മനസമാധാനത്തോടെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു. ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയാണു തൊട്ടുപിന്നില്‍ വരുന്ന പ്രധാന പരാതി. മാര്‍ക്കറ്റ് എക്‌സല്‍ എന്ന സ്ഥാപനം റെയില്‍വേയുടെ നാലു മേഖലകളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം. പ്ലാറ്റ്‌ഫോം വൃത്തി, കോച്ചുകള്‍, കിടക്കാനുള്ള സൗകര്യം, ടോയ്‌ലെറ്റുകള്‍, സോപ്പിന്റെ ലഭ്യത, ടോയ്‌ലെറ്റ് ഫ്‌ളഷിന്റെ പ്രവര്‍ത്തനം, ഭക്ഷണ ഗുണനിലവാരം, വെള്ളത്തിന്റെ ലഭ്യത, സ്റ്റാഫിന്റെ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ചായിരുന്നു ചോദ്യം. പങ്കെടുത്ത മുപ്പതു ശതമാനം പേരും ടോയ്‌ലെറ്റിനെ പഴിച്ചു. കോച്ചുകള്‍, ഭക്ഷണം എന്നിവയാണു പഴികേട്ട മറ്റിനങ്ങള്‍. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.