പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
12 June 2012

അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പ്രതിപ്പട്ടികയിലുള്ള പി.കെ. ബഷീര്‍ എംഎല്‍എയെ പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അരീക്കോട് ഇരട്ടകൊലപാതക വിഷയത്തില്‍ സഭാ നടപടികള്‍ തടസപെടുന്നത്. സഭ തുടങ്ങി നിമിഷങ്ങള്‍ക്കകം പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. പി.കെ. ബഷീറിനെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ഇതേത്തുടര്‍ന്ന് ചോദ്യോത്തര വേള തടസപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തിന്റെ ബഹളം അവഗണിച്ച് ഭരണപക്ഷത്തു നിന്നുള്ള അംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്തു. എന്നാല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി ബഹളം തുടര്‍ന്നതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.