നെപ്പോളിയന്റെ കത്തിനു രണ്ടു കോടി

single-img
12 June 2012

ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ‘മുറിഇംഗ്ലീഷി’ല്‍ എഴുതിയ കത്ത് ലേലത്തിനുവച്ചപ്പോള്‍ കിട്ടിയത് രണ്ടു കോടി രൂപ. ലേലംവിളിച്ചവരെയെല്ലാം മറികടന്ന് ഫ്രഞ്ച് മ്യൂസിയമാണ് കത്ത് സ്വന്തമാക്കിയത്. നെപ്പോളിയന്‍ ഇംഗ്ലീഷിലെഴുതിയ അപൂര്‍വം കത്തുകളിലൊന്നാണിത്. നെപ്പോളിയന്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയ കാലത്ത് അറിയാവുന്ന ‘മുറിഇംഗ്ലീഷി’ല്‍ ഇമ്മാനുവല്‍ എന്നയാള്‍ക്ക് ഒരു കത്തെഴുതി. സെന്റ് ഹെലേന ദ്വീപിലിരുന്ന് 1816 മാര്‍ച്ച് ഒന്‍പതിനാണ് നെപ്പോളിയന്‍ ആ കത്ത് എഴുതിയത്. ഫ്രഞ്ച് ചക്രവര്‍ത്തിയാണെങ്കിലും നെപ്പോളിയന്റെ കത്ത് വായിച്ചു മനസിലാക്കാന്‍ ആരും കുറച്ച് കഷ്ടപ്പെടും. വ്യാകരണപ്പിശകുകളാണ് മുഴുവന്‍. ഹീ ഷാല്‍ ലാന്‍ഡ്, ഷാല്‍ ഹാവ് ബീന്‍ എന്നൊക്കെച്ചേര്‍ത്തെഴുതിയ കത്തിനൊടുവില്‍ തൗസന്റ് എയ്റ്റ് ഹണ്‍ഡ്രഡ് സിക്സ്റ്റീന്‍ എന്നു വര്‍ഷവും കുറിച്ചിട്ടുണ്ട്. ബോറടി മാറ്റാന്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുകയായിരുന്നു അദ്ദേഹം. 1815ലെ വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെട്ട് സെന്റ് ഹെലേന ദ്വീപിലേക്കു നാടു കടത്തപ്പെട്ട നെപ്പോളിയന്‍ എഴുതിയ ആ കത്ത് കഴിഞ്ഞ ദിവസമാണ് ലേലം ചെയ്തത്.