ഷുക്കൂർ വധം സി പി എം നേതാക്കൾക്ക് നോട്ടീസ് നൽകി

single-img
11 June 2012

കണ്ണൂർ:ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എൽ‍.എയ്ക്കും സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനും നോട്ടീസ്. തളിപ്പറമ്പ് അരിയിലിലെ എം. എസ്. എഫ്. പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വളപട്ടണം പോലീസ് ഇവർക്കെതിരെ നോട്ടീസ് നല്‍കിയത്.പി.ജയരാജൻ ജൂൺ 12നും ടി.വി രാജേഷ് എം എൽ എ ജൂൺ 17 നും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാണ് നോട്ടിസിൽ പറയുന്നത്.ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്.അതേ സമയം ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണമെന്നാവശ്യപ്പെട്ട് ജയരാജൻ കത്ത് നൽകി.ഫെബ്രുവരി 20 നു പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ പട്ടുവത്തു വെച്ച് കല്ലേറുണ്ടായി മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിൽ വെച്ച് ഷുക്കൂറിനെ ഒരു സംഘം ആളുകൾ തടഞ്ഞു വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ജയരാജനെ കയ്യേറ്റം ചെയ്തതിന്റെ തിരിച്ചടിയായി പാർട്ടി ഭാരവാഹികളുടെ അറിവോടെയാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഈ സംഭവത്തിൽ സി പി എം പ്രവർത്തകരടക്കം 25 പേരെ അറസ്റ്റു ചെയ്തിരുന്നു.കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ജയരാജിനെയും രാജേഷിനെയും ചോദ്യം ചെയ്യുന്നത്.