രജീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

single-img
8 June 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ടി.കെ.രജീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് രജീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു.

തിരിച്ചറിയല്‍ പരേഡിന് ഹാജരേക്കേണ്ടതിനാല്‍ മുഖം മറച്ചാണ് രജീഷിനെ ഇന്ന് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രജീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടില്ല. രജീഷിനെ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് വടകര കോടതി പരിസരത്ത് തടിച്ചുകൂടിയത്. കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ക്വട്ടേഷനായി ഏറ്റെടുത്ത് നടത്തിയതല്ലെന്നും പാര്‍ട്ടി നിര്‍ദേശാനുസരണം നടത്തിയതാണെന്നും രജീഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധം ഉള്‍പ്പെടെ അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളില്‍ രജീഷ് നേരിട്ട് പങ്കെടുത്തതായും രജീഷ് പോലീസിനു മൊഴി നല്‍കിയിരുന്നു.