ടി.പി വധം അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു:ആർ.എം.പി

single-img
7 June 2012

കോഴിക്കോട്:ടി പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ സി പി എം ശ്രമം നടത്തുന്നതായി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍. വേണു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ടി.പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന സി.പി.എമ്മിന്റെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ ജയരാജന്റെ ഈ പ്രസ്താവന ഒരിക്കലും നടക്കാത്തതാണ്.വടകരയില്‍ സഹോദരിയുടെ തോല്‍വിക്കു ശേഷം പലതവണ ജയരാജൻ ടി പി യുമായി ബന്ധപ്പെട്ടുവെന്നും എന്നാല്‍ ചന്ദ്രശേഖരനും ആർ‍.എം.പിയും ഈ കെണിയില്‍ വീണില്ലെന്നും വേണു പറഞ്ഞു.വേണുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം കേസിനെക്കുറിച്ചുള്ള ആശങ്ക ആർ‍.എം.പിയുടേത് മാത്രമല്ലെന്നും നീതി പുലരാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം ആശങ്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.