ഹൈ ടെക് കൃഷി സമ്പ്രദായം കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റും: മുഖ്യമന്ത്രി

single-img
6 June 2012

കാര്‍ഷികരംഗത്തെ വളര്‍ച്ചയിലൂടെ മാത്രമെ കേരളത്തിന് മുന്നേറാന്‍ കഴിയൂ എന്നും ശാന്തിഗിരിയില്‍ നിന്നു തുടങ്ങുന്ന ഹൈടെക് കൃഷി സമ്പ്രദായ പദ്ധതി കേരളത്തിലെ കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സര്‍ക്കാരും കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഹൈടെക് ഫാമിംഗ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റബര്‍ ഒഴിച്ച് മറ്റു കൃഷികളിലെല്ലാം കേരളം പിന്നാക്കമാണ്. കൃഷിയുടെ ആധുനികവത്കരണത്തിലൂടെ മാത്രമെ കാര്‍ഷികരംഗത്തെ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാന്‍ കഴിയൂ. ശാന്തിഗിരിയില്‍ നിന്നു തുടങ്ങുന്ന ഹൈടെക് കൃഷി സമ്പ്രദായ പദ്ധതി ഇതിന്റെ തുടക്കമാണ്. ശാന്തിഗിരിയില്‍ നിന്നു ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം വലിയ വിജയമായി മാറിയ ചരിത്രമാണുളളത്. ഒരു രൂപ അരി വിതരണ പദ്ധതിയുടെ വിജയം ഇതിനു തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി കെ.പി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ആധുനികവത്കരണവും വ്യവസായവത്കരണവും വഴി കൂടുതല്‍ ചെറുപ്പക്കാരെ കൃഷി മേഖലയിലേക്ക് ആകര്‍ഷിക്കാനുളള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ധനകാര്യമന്ത്രി കെ.എം മാണി ഗ്രീന്‍ഹൗസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടായതിനു കാരണം പ്രാഥമികമേഖലയായ കൃഷിയെ മറന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 70 ശതമാനം ആളുകളും ഇന്നും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. കാര്‍ഷികമേഖലയുടെ ആധുനികവത്കരണത്തിലൂടെ മറ്റ് മേഖലയിലും വളര്‍ച്ചയുണ്ടാക്കാന്‍ നമുക്ക് സാധിക്കും. ഹൈടെക് ഫാമിംഗ് പദ്ധതിയും ഗ്രീന്‍ ഹൗസ് ഫാമിംഗ് പദ്ധതിയും ഇതിന്റെ തുടക്കമാവട്ടെയെന്നും മന്ത്രി കെ. എം മാണി പറഞ്ഞു. പദ്ധതിയുടെ ലോഗോ പാലോട് രവി എംഎല്‍എയ്ക്ക് നല്കി ധനകാര്യമന്ത്രി നിര്‍വഹിച്ചു.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പദ്ധതി വിശദീകരണം നിര്‍വഹിച്ചു.

ദക്ഷിണ റയില്‍വേ ഡിവിഷണല്‍ റയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍, പാലോട് രവി എംഎല്‍എ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, മാണിക്കല്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കപ്പന്‍ നായര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജി. കലാകുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുധര്‍മ്മിണി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി മണികണ്ഠന്‍ നായര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി
ഓഫിസര്‍ കെ. ശിവാനന്ദന്‍ എന്നിവര്‍ ആശംസ കള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ പ്രതാപന്‍ സ്വാഗതവും കൃഷി ഡയറക്ടര്‍ ആര്‍. അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.