മൂത്തേടം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ഇന്ന്; നിലപാടില്‍ മാറ്റമില്ലാതെ ലീഗും കോണ്‍ഗ്രസും

single-img
6 June 2012

നിലമ്പൂര്‍ മൂത്തേടം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസും ലീഗും മുന്‍ നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനില്‍ക്കുന്നതിനാല്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയേറിയിട്ടുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തുണക്കുന്ന കാര്യത്തില്‍ ലീഗ് അംഗങ്ങള്‍ക്കിടയില്‍ ഏകദേശ ധാരണയായതായാണ് സൂചന.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണി ബന്ധങ്ങളിലൂടെയായിരുന്നു ലീഗും കോണ്‍ഗ്രസും ഇവിടെ ജനവിധി നേടിയിരുന്നത്. എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയ വിവാദങ്ങളും പ്രദേശിക പ്രശ്‌നങ്ങളും മൂലം ഇരുകൂട്ടര്‍ക്കുമിടയില്‍ അകല്‍ച്ച കണ്ടു തുടങ്ങി. ഇതേ തുടര്‍ന്ന് ലീഗും-സിപിഎമ്മും യോജിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നീങ്ങുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലില്‍ സിപിഎമ്മുമായി സഹകരിച്ച് ലീഗിന്റെ നാല് പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റ് പി. ഉസ്മാന്‍, വൈസ് പ്രസിഡന്റ് ഉഷാ സച്ചിദാനന്ദന്‍ എന്നിവര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍മേല്‍ നടന്ന വോട്ടെടുപ്പില്‍ ഉസ്മാനും ഉഷാ സച്ചിദാനന്ദനും പുറത്താവുകയും ചെയ്തു.

അവിശ്വാസത്തെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചാണ് ലീഗ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചത്. രാവിലെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഉസ്മാന് എതിരെ വോട്ടുചെയ്യുകയും ഉച്ചക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഉഷാ സച്ചിദാനന്ദനെ പിന്തുണക്കാനുമാണ് ലീഗ് നീക്കം. ഇതു തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉസ്മാന്‍ പരാജയപ്പെട്ടാല്‍ ഉച്ചക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് സൂചന. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.