മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയില്‍ കളിക്കും

single-img
6 June 2012

ലോകത്തെ ഏറ്റവും സമ്പന്ന ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയില്‍ കളിക്കുമെന്നു സൂചന. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ കോല്‍ക്കത്തയിലെ പ്രശസ്തമായ സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാന്‍ പോകുന്നത്. ഓഗസ്റ്റ് ഒന്നിനു നടക്കുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ലീഗ്(സീരി എ) ചാമ്പ്യന്മാരായ യുവന്റസായിരിക്കും യുണൈറ്റഡിന്റെ എതിരാളികള്‍. പശ്ചിമബംഗാള്‍ കായികമന്ത്രി മദന്‍ മിത്രയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ക്ലബുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. യുവന്റസ് ഇന്ത്യയില്‍ കളിക്കുന്നതുസംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണെ്ടന്നും മിത്ര കൂട്ടിച്ചേര്‍ത്തു. അങ്ങനെയെങ്കില്‍ ലയണല്‍ മെസിക്കു ശേഷം മറ്റൊരു സൂപ്പര്‍ താരം(വെയ്ന്‍ റൂണി) കൂടി കോല്‍ക്കത്തയിലെത്തുന്നു എന്ന സവിശേഷതകൂടി സംഭവിക്കും. ലോകോത്തര ഗോള്‍ കീപ്പറായ ജിയാന്‍ലിഗി ബഫണും യുവന്റസിനൊപ്പം ഇന്ത്യയിലെത്തും. സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലും അവിടത്തെ സാഹചര്യത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ സംതൃപ്തരാണെന്നു റിപ്പോര്‍ട്ടുണ്ട്.