ടി.പി വധം: ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തെക്കുറിച്ച് ആലോചിക്കുമെന്നു തിരുവഞ്ചൂര്‍

single-img
5 June 2012

ടി.പി. ചന്ദ്രശേഖരന്‍വധം ആവശ്യമെങ്കില്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കൊടി സുനി ഉള്‍പ്പെടെയുള്ള മുഖ്യപ്രതികളെ പിടികൂടാന്‍ ഇപ്പോഴത്തെ അന്വേഷണസംഘത്തിനു കഴിയാത്തതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഇപ്പോഴത്തെ അന്വേഷണസംഘത്തെക്കുറിച്ചോ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ ആര്‍ക്കും ഇതുവരെ ഒരു പരാതിയുമില്ല. പക്ഷേ, അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകാന്‍ പലപ്പോഴും അന്വേഷണ സംഘത്തിനു കഴിയുന്നില്ല. പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ അന്വേഷണസംഘത്തിനുമേല്‍ ഉണ്ടാകുന്നു. തെളിവുകള്‍ ശേഖരിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ അന്വേഷണസംഘം ശ്രമിക്കുമ്പോള്‍ അതിന് ഇടങ്കോലിടുന്ന പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ അന്വേഷണസംഘം തെളിവെടുപ്പിനെത്തിയപ്പോള്‍ തടഞ്ഞ സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.