വീടിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പിണറായിയോട് മഹാശ്വേതാദേവി ക്ഷമ ചോദിച്ചു

single-img
5 June 2012

പിണറായി വിജയന്റെ വീടിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നതായി ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ മഹാശ്വേതാ ദേവി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിണറായിയുടെ വീടിനെ രമ്യഹര്‍മമെന്ന് വിശേഷപ്പിച്ചതെന്നും തന്റെ പ്രസ്താവന പിണറായിയെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മഹാശ്വാതാ ദേവി ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പിണറായിക്ക് കത്തെഴുതിയിട്ടുണ്‌ടെന്നും മഹാശ്വേതാ ദേവി പറഞ്ഞു.

പിണറായി തന്റെ രമ്യഹര്‍മത്തില്‍ നിന്ന് പുറത്ത് വരണമെന്നും പാര്‍ട്ടി കേരളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കണമെന്നും പിണറായിക്കെഴുതിയ തുറന്ന കത്തില്‍ മഹാശ്വേതാദേവി വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട റവല്യൂഷണറി പാര്‍ട്ടി നേതാവ് ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് മഹാശ്വേതാദേവി പിണറായിക്ക് കത്തയച്ചത്. എന്നാല്‍ തന്റെ വീട് രമ്യഹര്‍മമാണോ എന്ന് പരിശോധിക്കാന്‍ മഹാശ്വേതാ ദേവിക്ക് എപ്പോള്‍ വേണമെങ്കിലും വീട് സന്ദര്‍ശിക്കാമെന്ന് പിണറായി അവര്‍ക്കയച്ച മറുപടിക്കത്തില്‍ പറഞ്ഞിരുന്നു.