പച്ചപ്പിന്റെ തുരുത്ത് തേടി ഇന്ന് ഭൗമദിനം

single-img
5 June 2012

നാളെ ലോകാവസാനം എന്നറിഞ്ഞാലും
ഇന്ന് ഒരു മരം നടുന്നതാണ് ഔചിത്യം
മുഹമ്മദ് നബി(സ്വ)

ചുട്ടുപൊള്ളുന്ന മണ്ണിന്റെയും യന്ത്രങ്ങളുടെയും നാട്ടില്‍ ഹരിതം വെറും ഓര്‍മ്മയായി മാറുന്ന ഈ അവസരത്തില്‍ ഇന്നു 41-ാം ലോക ഭൗമ ദിനം. ഭൂമിയെ ആഗോളതാപനം പിടി മുറക്കുമ്പോഴാണ് ഒരു ഭൗമദിനം കൂടി കടന്നു പോകുന്നത്. പ്രകൃതിയുടെ താളം തെറ്റിച്ച മനുഷ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഈ ദിനത്തിലെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. കാലം തെറ്റിയ മഴയും വരള്‍ച്ചയും മണല്‍ക്കാറ്റും മഞ്ഞുരുകലും മനുഷ്യനെ നാശത്തിലേക്കു നയിക്കുകയാണ്. വര്‍ധിച്ചു വരുന്ന വനനശീകരണവും തടാകങ്ങളും നദികളും അപ്രത്യക്ഷമാകുന്നതും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കാന്‍ കാരണമായി. മനുഷ്യന്റെ ചെയ്തികള്‍ക്കെതിരേ പ്രകൃതി വിവിധ രൂപത്തില്‍ പ്രതിഷേധമറിയിക്കുന്നുണ്ടെങ്കിലും പഠിക്കാന്‍ മനുഷ്യന്‍ തയാറായിട്ടില്ല. മനുഷ്യനു മാത്രമല്ല, കോടിക്കണക്കായ ജീവജാലങ്ങള്‍ക്കു കൂടി ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന വിചാരം പോലും ഇല്ലാതായിരിക്കുന്നു. മറ്റൊരു ഭൗമ ദിനം കൂടി കടന്നു പോകുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കാനുള്ള ചുമതല ഓരോരുത്തര്‍ക്കുമുണ്ടെന്ന ചിന്ത തന്നെ ധാരാളം. നാളെയ്ക്കു ഹരിതാഭമായ പരിസ്ഥിതിയെ കാത്തുവയ്ക്കാന്‍ കഴിഞ്ഞാല്‍ വരുംതലമുറയ്ക്കു നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമായിരിക്കും അത്.