യു.പി.എയ്ക്ക് എതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: സോണിയ

single-img
4 June 2012

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരേ പ്രതിപക്ഷവും അണ്ണാ ഹസാരെ അടക്കമുള്ള കോണ്‍ഗ്രസ്‌വിരുദ്ധ വിഭാഗങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടണം. ഗ്രൂപ്പുണ്ടാക്കാനല്ല, പാര്‍ട്ടി വളര്‍ത്താനാണു കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സോണിയ പറഞ്ഞു.

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ അഴിമതിയാരോപണങ്ങളുമായി രംഗത്തെത്തിയ അന്നാ ഹസാരെയെയും സംഘത്തെയും പേരെടുത്തു പരാമര്‍ശിക്കാതെയാണു കോണ്‍ഗ്രസ്‌വിരുദ്ധവിഭാഗമെന്നു സോണിയ വിശേഷിപ്പിച്ചത്. സര്‍ക്കാരിനെ എതിര്‍ക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍, ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതു ദൗര്‍ഭാഗ്യകരമാണ്. ഇത്തരം ആരോപണങ്ങളെ നേരിടേണ്ടതുണ്ട്.

കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഗ്രൂപ്പുകളികളെയും സോണിയാ ഗാന്ധി നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സമയമാണിത്. ഗ്രൂപ്പിസത്തിനും ചെറുവിഷയങ്ങള്‍ക്കുമായി നഷ്ടമാക്കുന്ന ഊര്‍ജത്തില്‍ പകുതിയെങ്കിലും സംഘടനയ്ക്കായി മാറ്റിവച്ചാല്‍ പാര്‍ട്ടി ഇരട്ടിശക്തി പ്രാപിക്കുമെന്നും സോണിയ പറഞ്ഞു.