കുരുന്നു ചിരികളുടെ നിറച്ചാര്‍ത്തോടെ പ്രവേശനോത്സവം

single-img
4 June 2012

അണിഞ്ഞൊരുങ്ങിയ സ്‌കൂള്‍ മുറ്റത്തേക്ക് അമ്മയുടെ ഒക്കത്തിരുന്നും കൈപിടിച്ചും എത്തിയ പലര്‍ക്കും ആദ്യം അങ്കലാപ്പായിരുന്നു. പിന്നെ കൗതുകവും അമ്പരപ്പും. എല്ലാം കണ്ണുതുറന്ന് ഒന്നു കണ്ടപ്പോള്‍ ചിലരുടെ കണ്ണുനീര്‍ ഒലിച്ചിറങ്ങിയ കവിളുകളില്‍ ചിരി വിടര്‍ന്നു. പുതിയ കൂട്ടുകാരെ കണ്ടപ്പോള്‍ ചിലര്‍ മടിച്ചുമടിച്ച് ചിരിച്ചു. മറ്റുചിലര്‍ ഇഷ്ടപ്പെടാതെ മുഖം തിരിച്ചു. ഇഷ്ടനിറങ്ങളും ബലൂണുകളും ഒക്കെ കണ്ടപ്പോള്‍ പലര്‍ക്കും പിന്നെ സ്‌കൂള്‍ മുറ്റം വിടാന്‍ തന്നെ മടി. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലെ നവാഗതരെ വരവേല്‍ക്കാന്‍ ഒരുങ്ങിയ സംസ്ഥാനത്തെ സ്‌കൂളുകളുടെ മുറ്റത്തെ കാഴ്ചകളായിരുന്നു ഇത്. 1,30,000 ത്തോളം കുട്ടികള്‍ ആണ് ഒന്നാം ക്ലാസുകളിലേക്ക് എത്തിയത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ആണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. മാര്‍ക്ക് വാങ്ങുന്ന കാര്യത്തില്‍ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും ഉന്നത നിലവാരം കാത്തുസൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപക പാക്കേജുള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.