ശെല്‍വരാജിന്റെ ഭാര്യയെ മര്‍ദ്ദിച്ചതായി പരാതി: ആരോപണം സിപിഎം നിഷേധിച്ചു

single-img
1 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ ഭാര്യയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സഹകരണ ബാങ്കിലാണ് ശെല്‍വരാജിന്റെ ഭാര്യ മേരി വത്സല ജോലി ചെയ്യുന്നത്. രാവിലെ ജോലിക്ക് എത്തിയപ്പോള്‍ ബാങ്കിന് സമീപം വെച്ച് ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ചു മര്‍ദ്ദിച്ചതായിട്ടാണ് പരാതി. ഇവരെ പാറശാലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം പ്രതികരിച്ചു. സഹകരണ ബാങ്കിലെ ജീവനക്കാരിയായ മേരി വത്സല ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനൊപ്പം ഈ മേഖലയില്‍ വോട്ടു ചോദിക്കാനെത്തുകയും വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും ഇത് തടയുക മാത്രമാണ് ഉണ്ടായതെന്നും സിപിഎം വിശദീകരിക്കുന്നു.