15 കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കാരെന്ന് ഹസാരെ സംഘം

single-img
26 May 2012

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയുള്‍പ്പെടെ കേന്ദ്രത്തിലെ 15 കാബിനറ്റ് മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് അന്നാഹസാരെ സംഘം. പ്രധാനമന്ത്രിക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യവും സംഘം ഉന്നയിച്ചിട്ടുണ്ട്. കല്‍ക്കരി മന്ത്രാലയത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകളാണ് ആരോപണത്തിന് അടിസ്ഥാനമായി അന്നാസംഘം ചൂണ്ടിക്കാട്ടുന്നത്.

ഭരണതലത്തില്‍ നിന്നും അഴിമതി തുടച്ചനീക്കണമെന്ന ആവശ്യവുമായി അടുത്തമാസം 25 മുതല്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം തുടങ്ങുമെന്നും അന്നാ ഹസാരെയും സംഘവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുംപുറമേ മന്ത്രിമാരായ പി. ചിദംബരം, ശരത്പവാര്‍, എസ്. എം. കൃഷ്ണ, കമല്‍ നാഥ്, പ്രഫുല്‍ പട്ടേല്‍, വിലാസ്‌റാവു ദേശ്മുഖ്, വീരഭദ്രസിംഗ്, ഫറൂഖ് അബ്ദുള്ളസ എം.അഴഗിരി, സുഷീല്‍ കുമാര്‍ ഷിന്‍ഡേ എന്നിവരും അഴിമതി കാട്ടിയെന്നാണ് ആരോപണം. അതേസമയം അടിസ്ഥാനരഹിതമായആരോപണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.