പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്ന് ഡിഎംകെ

single-img
26 May 2012

പെട്രോള്‍ വിലവര്‍ധന ഭാഗികമായെങ്കിലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടു. അവശ്യസാധനങ്ങളുടെ വിലക്കയറ്റംമൂലം ജിവിതം ദുരിതമയമായിരിക്കുന്ന സാധാരണക്കാരനെ ഇനിയും വിഷമത്തിലാക്കുന്ന സമീപനമാണ് പെട്രോള്‍ വിലവര്‍ധനയെന്നും വിലവര്‍ധന ഭാഗികമായെങ്കിലും പിന്‍വലിച്ചേ മതിയാവൂവെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക വരുമാനം വേണെ്ടന്നുവെക്കാന്‍ ജയലളിത സര്‍ക്കാര്‍ തയാറാവണം. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതുപോലെ അധികവരുമാനം വേണെ്ടന്നുവെച്ചിട്ടുണ്ട്. മേയ് 30ന് തമിഴ്‌നാട്ടിലുടനീളം പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ വെള്ളിയാഴ്ച ചെന്നൈയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കണമെന്നാണ് ഡിഎംകെ ആഹ്വാനം ചെയ്തിരിക്കുന്നത്.