ഡല്‍ഹിയിലും മുംബൈയിലും ഇനി എയര്‍ടെല്‍ 4ജി

single-img
25 May 2012

രാജ്യത്ത് ആദ്യമായി 4ജി ബ്രോഡ്ബാന്‍ഡ് സേവനം അവതരിപ്പിച്ച ഭാരതി എയര്‍ടെല്‍ നാലാം തലമുറ സേവനം ഡല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കും വ്യാപിപ്പിച്ചു. കോല്‍ക്കത്തയിലും ബാംഗളൂരിലും 4ജി അവതരിപ്പിച്ച ശേഷമാണ് എയര്‍ടെല്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലും നാലാം തലമുറ ബ്രോഡ്ബാന്‍ഡ് സേവനം എത്തിച്ചത്. കേരളം ഉള്‍പ്പെടെയുള്ള നാലു ടെലികോം സര്‍ക്കിളുകളില്‍ 4ജി സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ച ക്വാല്‍ക്കോമുമായി എയര്‍ടെല്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. 2014 വരെ ഡല്‍ഹി, മുംബൈ, കേരളം, ഹരിയാന എന്നീ ടെലികോം സര്‍ക്കിളുകളില്‍ 4ജി സേവനം ലഭ്യമാക്കാന്‍ എയര്‍ടെല്ലുമായി സഹകരിക്കുന്ന കരാറിലാണ് ക്വാല്‍ക്കോം ധാരണയിലെത്തിയത്. 2010 ജൂണില്‍ നടന്ന ലേലത്തില്‍ 4913 കോടി രൂപയ്ക്കാണ് കേരളം ഉള്‍പ്പെടെയുള്ള നാലു സര്‍ക്കിളുകളിലേയ്ക്കുള്ള ലൈസന്‍സ് ക്വാല്‍ക്കോം നേടിയെടുത്തത്. ക്വാല്‍ക്കോമിനു പുറമെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഫോടെല്ലിനും കേരളത്തില്‍ 4ജി ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.