നെയ്യാറ്റിന്‍കരയില്‍ നായകന്‍ വി.എസ്. തന്നെ; കടകംപള്ളി

single-img
24 May 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വി. എസ് തന്നെയാണ് എല്‍ഡിഎഫിന്റെ നായകനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. വിഎസ് ആണ് എല്‍ഡിഎഫിന്റെ പടയോട്ടത്തിനു തുടക്കം കുറിച്ചത്. പിന്നീട് പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത കണ്‍വന്‍ഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം 37 യോഗങ്ങളില്‍ പ്രസംഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നാളെ മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നാലു മേഖലകളിലെ പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര ടൗണ്‍ മേഖലയിലെ ഓലത്താന്നി, തിരുപുറം മേഖലയിലെ പഴയകട, ചെങ്കവിള മേഖലയിലെ ഒറ്റപ്ലാവിള, ചെങ്കല്‍ മേഖലയിലെ ചെങ്കല്‍ എന്നിവിടങ്ങളിലെ യോഗങ്ങളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. പൊതുയോഗത്തിന്റെ ഭാഗമായി മേഖലാ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. പതിമൂന്നു മേഖലകളായി തിരിച്ചാണ് എല്‍ഡിഎഫ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. പതിമൂന്നിടത്തും പൊതുയോഗങ്ങളും റാലികളും നടക്കും.