മഹാരാഷ്ട്രയില്‍ തീവണ്ടിയപകടം; നാല്‍പത് പേര്‍ക്ക് പരിക്ക്

single-img
24 May 2012

മഹാരാഷ്ട്രയില്‍ തീവണ്ടിയപകടത്തില്‍ നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. നാഗര്‍സോള്‍-നന്ദേദ് പാസഞ്ചര്‍ തീവണ്ടിയില്‍ എന്‍ജിന്‍ ഘടിപ്പിക്കാന്‍ ശ്രമിക്കവേ ബ്രേക്ക് തകരാറിലായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ തീവണ്ടിയുടെ ഏതാനും ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ജല്‍ന ജില്ലയിലായിരുന്നു സംഭവം. സതോണ, ഓസ്മാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് പാസഞ്ചര്‍ തീവണ്ടിയുടെ എന്‍ജിന് സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് പര്‍ബാനിയില്‍ നിന്നും എത്തിച്ച എന്‍ജിന്‍ ഘടിപ്പിക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുള്ള റെയില്‍ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു. പരിക്കേറ്റവരെ സമീപപ്രദേശങ്ങളായ സെല്ലുവിലും ജല്‍നയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.