ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍

single-img
23 May 2012

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ന്യൂ മാഹി സ്വദേശിയായ അണ്ണന്‍ എന്ന ഷിജിത്താണ് അറസ്റ്റിലായത്. ഇതാദ്യമായാണ് ടി.പിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിന്റെ കൂടുതല്‍ വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തലശേരിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് സൂചന.ടി.പിയെ വെട്ടിക്കൊലപ്പെടുത്തുന്നതിനിടയില്‍ ഷിജിത്തിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. തലശേരിയിലെ ഒരു ആശുപത്രിയില്‍ സിപിഎം ഉന്നതരുടെ സഹായത്തോടെ ചികിത്സ തേടിയിരുന്ന ഇയാളെ ഇതുവഴി നടത്തിയ അന്വേഷണത്തിലാണ് കണെ്ടത്തിയത്.

കൊലനടത്താന്‍ സംഘം ഉപയോഗിച്ചിരുന്ന ഇന്നോവ കാറിലെ രക്തക്കറ അന്വേഷണ സംഘം പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ രക്തം ടി.പി.ചന്ദ്രശേഖരന്റേതല്ലെന്ന് മനസിലാക്കിയ പോലീസ്, കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണെ്ടന്ന നിഗമനത്തിലായിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കൊലയ്ക്കു പിറ്റേ ദിവസം തലശേരിയിലെ ഒരു ആശുപത്രിയില്‍ പരിക്കേറ്റ് ഒരാള്‍ ചികിത്സ തേടിയിരുന്നുവെന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഷിജിത്ത് എന്ന അണ്ണനെ വലയിലാക്കാന്‍ സഹായിച്ചത്. കൊല നടത്തിയ സംഘം കൃത്യത്തിനു ശേഷം ഓട്ടോറിക്ഷയിലും ബൈക്കിലുമായി സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നുവെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു. സംഘത്തിലെ ഒരാളുടെ കൈ തുണികൊണ്ട് പൊതിഞ്ഞിരുന്നതായും മൊഴിയിലുണ്ടായിരുന്നു. ഷിജിത്തിന്റെ അറസ്റ്റ് ഇന്നാണ് പോലീസ് രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ ദിവസംമുതല്‍ ഇയാള്‍ കസ്റ്റഡിയിലായിരുന്നുവെന്നാണ് സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഷിജിത്തിന്റെ അറസ്റ്റോടുകൂടി കൊലപാതകത്തിന്റെ മറ്റുപങ്കാളികളെകൂടി ഉടന്‍ പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.