സന്തോഷ് ട്രോഫി; കേരളം സെമിയില്‍

single-img
23 May 2012

മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുകൊണ്ട് കേരളം രാജകീയമായി തന്നെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സെമിയിലെത്തി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആര്‍. കണ്ണന്‍ രണ്ടു ഗോളുകള്‍ക്കുടമയായപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളായി. ജയമെന്ന ജീവശ്വാസത്തിനായി കളത്തിലിറങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. കളിതുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ മഹാരാഷ്ട്ര ആദ്യവെടി പൊട്ടിച്ചു. കേരളബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലില്‍ കൈലാഷ് പട്ടേലിന്റെ മുന്നേറ്റത്തെ തടയാന്‍ മുന്നോട്ടാഞ്ഞ ജോണ്‍സന്റെ ക്ലിയറിംഗില്‍ മഹാരാഷ്ട്ര താരം വീണു. പെനാല്‍റ്റിക്കായി വാദിച്ച മഹാരാഷ്ട്രയുടെ രോദനം തമിഴ്‌നാട്ടുകാരനായ റഫറി അംഗീകരിച്ചു. പെനാല്‍റ്റി ബോക്‌സിനു പുറത്താണു ഫൗള്‍ നടന്നതെന്ന കേരളത്തിന്റെ വാദം റഫറി അംഗീകരിച്ചില്ല. പെനാല്‍റ്റി കിക്കെടുത്ത സൂപ്പര്‍താരം കൈലാഷിന്റെ ഉന്നം തെറ്റിയില്ല. കേരളനായകനെ മറികടന്ന് പന്ത് വലത്തേ മൂലയില്‍ തന്നെ പതിച്ചു.

റഫറിയുടെ ചതിയില്‍ വീണ ഗോളില്‍ നിന്നു വീര്യമുള്‍ക്കൊണ്ടു പോരാടിയ കേരളനിരയെയാണു പിന്നീടു കണ്ടത്. തോല്‍ക്കാന്‍ മനസില്ലാത്ത ചാവേറുകളെപ്പോലെ അവര്‍ മഹാരാഷ്ട്രയുടെ പകുതിയില്‍ ഇരച്ചുകയറിക്കൊണ്ടിരുന്നു. വര്‍ധിത വീര്യത്തോടെയുള്ള കേരളത്തിന്റെ മുന്നേറ്റങ്ങളില്‍ മറാത്ത പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. കഴിഞ്ഞ കളികളിലെ കേടുതീര്‍ത്ത് ഉജ്വല ഫോമിലേക്കുയര്‍ന്ന ആര്‍. കണ്ണന്‍ തന്നെയായിരുന്നു കേരളത്തിന്റെ പടനായകന്‍. മധ്യനിരയില്‍ നിന്നു മുഹമ്മദ് റാഫി-സുര്‍ജിത്ത് സഖ്യം കുറിയ പാസുകളിലൂടെ സ്‌ട്രൈക്കര്‍മാര്‍ക്കു നിരന്തരം പന്തെത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഉസ്മാന്‍-കണ്ണന്‍ കൂട്ടുകെട്ടിനു മറാത്തപോസ്റ്റില്‍ പന്തെത്തിക്കാന്‍ ആദ്യപകുതിയില്‍ സാധിച്ചില്ല. മറുവശത്ത് മഹാരാഷ്ട്ര അവസരം കിട്ടിയാല്‍ ആക്രമിക്കാമെന്ന സിദ്ധാന്തത്തിലേക്കു മാറി പ്രതിരോധം ശക്തിപ്പെടുത്തിയതോടെ കേരളത്തിന്റെ മുന്നേറ്റം ദുഷ്‌കരമായി. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പഴമൊഴി അന്വര്‍ഥമാക്കി 17-ാം മിനിറ്റില്‍ കേരളം കൊതിച്ചിരുന്ന നിമിഷം വന്നെത്തി. കേരളത്തിനു ലഭിച്ച കോര്‍ണറെടുത്ത സുര്‍ജിത്തിന്റെ നേരിട്ടുള്ള കിക്ക് മഹാരാഷ്ട്രയുടെ ഗോളി ഷെയ്ഖ് അലിയുടെ കൈകളില്‍ നിന്നു വഴുതി നേരെ പോസ്റ്റിലേക്ക്. ഇല്ലാത്ത പെനാല്‍റ്റിഗോളില്‍ പിറകിയലായതിനു ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ഗോള്‍. സെല്‍ഫ് ഗോളാണെങ്കിലും സുര്‍ജിത്തിന്റെ അക്കൗണ്ടിലാണു ഗോള്‍ കണക്കാക്കുക. ആക്രമണ പ്രത്യാക്രമണങ്ങളോടെ കളി ആവേശകരമായെങ്കിലും ആദ്യപകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല. ജയിച്ചാല്‍ മാത്രം സെമിയെന്ന വ്യക്തമായ ലക്ഷ്യത്തോടെ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ കേരളം മുന്നേറ്റനിരക്കാരന്‍ ഉസ്മാനെ പിന്‍വലിച്ച് സെന്‍ട്രല്‍ എക്‌സൈസിന്റെ വിനീത് ആന്റണിയെ ആക്രമണചുമതല ഏല്‍പ്പിച്ചു. അതോടെ ആക്രമണവേഗം ഹൈസ്പീഡിലായി. കണ്ണനും വിനീതും നിരന്തരം എതിര്‍പോസ്റ്റില്‍ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. കേരളം കാത്തുകാത്തിരുന്ന നിമിഷം 72-ാം മിനിറ്റില്‍ വന്നെത്തി.

പ്രതിരോധക്കാരന്‍ ജോണ്‍സണ്‍ ഇടതുവിംഗില്‍നിന്നു മറിച്ചുനല്‍കിയ പാസ് ആര്‍. കണ്ണന്‍ മഹാരാഷ്ട്ര പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ വലയിലാക്കി. കേരളം 2-1നു മുന്നില്‍. ഗോള്‍ വീണതോടെ വീണ്ടും ആക്രമണഫുട്‌ബോള്‍ പുറത്തെടുത്ത മഹാരാഷ്ട്രയ്ക്കു പക്ഷെ ഉരുക്കുകോട്ട പോലെ നിലകൊണ്ട മര്‍സൂക്കിനെയും ജോണ്‍സനെയും മറികടക്കാനായില്ല. 10 മിനിറ്റുകള്‍ക്കുശേഷം മഹാരാഷ്ട്രയുടെ കഥകഴിച്ചുകൊണ്ട് അവസാനഗോളും നേടി കണ്ണന്‍ പട്ടിക പൂര്‍ത്തിയാക്കി.