ഇസ്രേലി-ഇറാന്‍ യുദ്ധസാധ്യത: ബ്രിട്ടന്‍ ചര്‍ച്ച തുടങ്ങി

single-img
23 May 2012

ഇസ്രയേലും ഇറാനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. ഇറാന്റെ ആണവപ്രശ്‌നം പരിഹരിക്കുന്നതു സംബന്ധിച്ച് ഇതേസമയംതന്നെ ബാഗ്ദാദില്‍ വന്‍ശക്തികളും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പും ചര്‍ച്ച ആരംഭിച്ചു. യുദ്ധമുണ്ടായാല്‍ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്നാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭീതി. ഇതെത്തുടര്‍ന്ന് എണ്ണക്ഷാമം ഉണ്ടാവുകയും വില കുതിച്ചുകയറുകയും ചെയ്യും. ഹോര്‍മൂസിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ കടന്നുപോകുന്നത്. പശ്ചിമേഷ്യയിലേക്ക് റോയല്‍നേവിയെ നിയോഗിക്കുന്നതിനെക്കുറിച്ചും ആലോചിച്ചെന്ന് ബ്രിട്ടീഷ് ദേശീയ സുരക്ഷാകൗണ്‍സിലിലെ മുതിര്‍ന്ന അംഗങ്ങള്‍ പറഞ്ഞു. അണ്വായുധശേഷി കൈവരിക്കുന്നതില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കാനായി സൈനികാക്രമണത്തിനു മടിക്കില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നയതന്ത്രനീക്കം പരാജയപ്പെട്ടാല്‍ യുദ്ധത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് അമേരിക്കയും നേരത്തെ വ്യക്തമാക്കിയിരുന്നു.