ഫോണ്‍സെക്കയെ മോചിപ്പിക്കാന്‍ രാജപക്‌സെ ഉത്തരവിട്ടു

single-img
21 May 2012

രാഷ്ട്രീയ എതിരാളിയും മുന്‍ ശ്രീലങ്കന്‍ സൈനികമേധാവിയുമായ ശരത് ഫോണ്‍സെക്കയെ ജയിലില്‍നിന്നു വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സെ ഒപ്പിട്ടു. യുഎസ് സമ്മര്‍ദത്തിനു വഴങ്ങിയാണു ഈ നടപടിയെന്നു പറയപ്പെടുന്നു. ഫോണ്‍സെക്കയ്ക്കു മാപ്പുനല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് നീതിന്യായമന്ത്രാലയത്തിന് അയയ്ക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്നുതന്നെ അദ്ദേഹം മോചിതനാകും. രണ്ടുകേസുകളിലായി ഇതിനകം രണ്ടുവര്‍ഷവും മൂന്നുമാസവും രണ്ടാഴ്ചയും ജയിലില്‍ കഴിഞ്ഞ ഫോണ്‍സെക്കയുടെ ശേഷിക്കുന്ന ശിക്ഷാകാലാവധി ഒഴിവാകും. ഒരു കേസില്‍ 30 മാസത്തെയും മറ്റൊരു കേസില്‍ മൂന്നുവര്‍ഷത്തെയും ശിക്ഷയാണ് അദ്ദേഹത്തിനു വിധിച്ചത്.