നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനു നേരെ ആക്രമണം

single-img
20 May 2012

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിനുനേരെ പ്രചാരണത്തിനിടെ ആക്രമണം. ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്. ലോറന്‍സിന്റെ സ്വദേശമായ കാക്കറവിളയില്‍ വെച്ചാണ് സംഭവം നടന്നത്. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഉച്ചയ്ക്കു ശേഷം ചാരോട്ടുകോണത്തു നിന്ന് ആരംഭിച്ച പര്യടനം വിവിധ സ്ഥലങ്ങളിലെത്തിയ ശേഷം രാത്രി എട്ടു മണിയോടെ കാക്കറവിളയിലെത്തുകയായിരുന്നു. ഈ സമയം ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് വാന്‍ തടഞ്ഞ് സെല്‍വരാജിനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. അപ്പോള്‍തന്നെ തൊട്ടടുത്ത പ്ലാമൂട്ടുകടയിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി അവസരോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. സംഭവത്തെക്കുറിച്ച് ഇതുവരയ്ക്കും പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടിയെടുക്കുമെന്നും പാറശ്ശാല സി.ഐ പറഞ്ഞു.