കത്തയച്ചിട്ടുണേ്ടായെന്നു വി.എസിനോട് ചോദിക്കണം: പിണറായി

single-img
20 May 2012

വി.എസ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ടോ, ഉണെങ്കില്‍ എന്തിന് എന്നൊക്കെ ചോദിക്കേണ്ടത് വി.എസിനോടാണെന്ന് പിണറായി വിജയന്‍. ഇത്തരത്തിലൊരു കത്തു ലഭിച്ചിട്ടില്ലെന്നാണു കേന്ദ്രനേതാക്കള്‍ പറയുന്നത്. വിഎസ് കത്തയച്ചുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ള കള്ളപ്രചാരണമാണിതെന്നും പിണറായി തൃക്കരിപ്പൂരില്‍ പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സദാചാരപോലീസ് ചമഞ്ഞുള്ള അക്രമങ്ങള്‍ക്കുമെതിരേ സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാനവ സൗഹൃദ സന്ദേശ യാത്ര തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി.

കപട ഇടതുപക്ഷക്കാരാണു കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിനെതിരേ അക്രമം അഴിച്ചുവിടുന്നതെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തില്‍ കൊല നടത്തുകയെന്നതു സിപിഎമ്മിന്റെ നയമല്ല. വടകരയിലെ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ എങ്ങനെയും പ്രതിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സിപിഎമ്മിന്റെ കൂത്തുപറമ്പ് ഏരിയ ഓഫീസ് സെക്രട്ടറി ബാബുവിനെ കഠിനമായ ദേഹോപദ്രവം ഏല്പിച്ചാണു തെറ്റായ പ്രചാരണം അഴിച്ചുവിട്ടത്. പോലീസിന്റെ കൊടിയ മര്‍ദനംമൂലം ബാബു മൂന്നുതവണ ബോധമില്ലാതെ വീണു. സിപിഎം നേതാവ് പനോളി വല്‍സനു കൊലപാതകത്തില്‍ പങ്കുണെ്ടന്നു പറയിപ്പിക്കാനായിരുന്നു ശ്രമം. ചന്ദ്രശേഖരന്റെ വധത്തിന്റെ പേരില്‍ സിപിഎമ്മിനെ വ്യാപകമായി ആക്രമിക്കാമെന്ന ചിന്ത വിലപ്പോകില്ല. ഇതിനായി വലതു മാധ്യമങ്ങള്‍ ഒരുമിച്ചു സിപിഎമ്മിനെതിരേ ആഞ്ഞടിക്കുകയാണ്. ഇത് എന്തു വിലകൊടുത്തും നേരിടുമെന്നും പിണറായി പറഞ്ഞു.