ടി.പി. വധം; ഒരു സി.പി.എം പ്രവര്‍ത്തകന്‍കൂടി പിടിയില്‍

single-img
18 May 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍കൂടി പിടിയിലായി. കണ്ണൂര്‍ കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിര്‍ബാബുവിനെയാണു പ്രത്യേക അന്വേഷണസംഘം ഇന്നലെ പിടികൂടിയത്. ഇതിനിടെ, ഇന്നലെ പിടിയിലായ കൂത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ വടകര ഡിവൈഎസ്പി ഓഫീസില്‍ നടത്തിയ കുത്തിയിരിപ്പു സമര ത്തെത്തുടര്‍ന്നാണു ബാബുവിനെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചത്. ചന്ദ്രശേഖരന്‍വധക്കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ തലശേരി പാനൂരിനടുത്തു കടുങ്ങോന്‍പൊയിലിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂവ്വക്കുന്നു വടക്കയില്‍ മനോജിനെ (47) കുന്നമംഗലം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രാജീവ് ജയരാജ് 14 ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. മനോജിനു പുറമേ വ്യാഴാഴ്ച അറസ്റ്റിലായ മുനിയമ്പ്രയിലെ കിഴക്കയില്‍ ഷനോജിനെ (38) നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടപ്പോള്‍ അഴിയൂര്‍ ചോമ്പാല പുത്തൈയ്യില്‍ ജാബിറിനെ (35) 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇയാളെ ഇന്നലെ വൈകുന്നേരം വടകര സബ്ജയിലിലേക്കു മാറ്റി. ഇതോടെ ചന്ദ്രശേഖരവധവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം പത്തായി.