വംശഹത്യ: വിചാരണയ്ക്കായി മ്‌ളാദിച് കോടതിയിലെത്തി

single-img
17 May 2012

ബോസ്‌നിയയിലെ സ്രെബ്രെനിക്കയില്‍ നടന്ന കൂട്ടക്കൊലയുടെ വിചാരണയ്ക്കായി ബോസ്‌നിയന്‍ സെര്‍ബ് ജനറല്‍ റാഡ്‌കോ മ്‌ളാദിച് (70) കോടതിയില്‍ ഹാജരായി. വിചാരണയ്ക്കിടെ വംശഹത്യയെ അതിജീവിച്ചവരെ മ്‌ളാദിച് അധിക്ഷേപിച്ചു. കൈകൊണ്ടു സ്വന്തം കഴുത്തിനുപിടിച്ചാണ് മ്‌ളാദിച് ദേഷ്യം പ്രകടിപ്പിച്ചത്. വിചാരണ നടക്കവേ കോടതിയിലുണ്ടായിരുന്ന വംശഹത്യക്കിരയായ ഒരാളുടെ അമ്മ പല പ്രാവശ്യം കഴുകന്‍ എന്നു മന്ത്രിച്ചതാണ് മ്‌ളാദിച്ചിനെ പ്രകോപിതനാക്കിയത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിയുടെ വിചാരണയാണ് ഹേഗിലെ കോടതിയില്‍ നടന്നത്. 1995ല്‍ കിഴക്കന്‍ ബോസ്‌നിയയിലെ സ്രെബ്രെനിക്കയില്‍ എണ്ണായിരത്തോളം നിരപരാധികളായ മുസ്‌ലിംകളുടെ കൂട്ടക്കൊലയ്ക്കു നേതൃത്വം നല്കിയത് റാഡ്‌കോ മ്‌ളാദിച്ചായിരുന്നു. പുരുഷന്‍മാരും ആണ്‍കുട്ടികളുമായിരുന്നു വംശഹത്യക്കിരയായത്. സ്ത്രീകളെയും വൃദ്ധരെയും ചെറിയ കുട്ടികളെയും ഒഴിവാക്കി. വംശഹത്യയില്‍ മ്‌ളാദിച്ചിന്റെ പങ്ക് തെളിവുകള്‍ സഹിതം പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 1992-95 കാലത്ത് ബോസ്‌നിയയിലെ സെര്‍ബ് സൈന്യാധിപനായിരുന്നു മ്‌ളാദിച്. 16 വര്‍ഷത്തിനുശേഷം 2011 മേയിലാണു പിടിയിലായത്. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ബോസ്‌നിയന്‍ സെര്‍ബ് ജനറല്‍ നിഷേധിച്ചു. തന്റെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുക മാത്രമാണു താന്‍ ചെയ്തതെന്നു മ്‌ളാദിച് പറഞ്ഞു.