മേനംകുളത്ത് അക്രമി സംഘങ്ങളുടെ അഴിഞ്ഞാട്ടം; നാല്‍പ്പതോളം ലോറികള്‍ തല്ലിതകര്‍ത്തു

single-img
17 May 2012

കഴക്കുട്ടം മേനംകുളത്ത് അക്രമി സംഘങ്ങള്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞ ദിവസം മണല്‍ കയറ്റുവാന്‍ വേണ്ടി മേനംകുളത്തെത്തിയ നാല്‍പ്പതോളം ലോറികളെ അക്രമി സംഘം ആക്രമിച്ച് തല്ലിതകര്‍ത്തു.

ഇന്നലെ രാത്രി പത്തു മണിയോടെ മണല്‍ ഗോഡൗണിലെത്തിയ സംഘം ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുകയും ലോറികളുടെ ടയറുകള്‍ കുത്തിക്കീറി ഹെഡ്‌ലൈറ്റുകള്‍ അടിച്ചുപൊട്ടിക്കുകയുമായിരുന്നു. വാഹനങ്ങളുടെ ബാറ്ററികള്‍ അഴിച്ചെടുത്ത് റോഡിലിട്ട് കേടുപാടു വരുത്തുകയും ചെയ്തു. ഓരോ ലോറിക്കും ഏകദേശം ഒരുലക്ഷം രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കഴക്കുട്ടം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസം മണലെടുക്കാന്‍ വരുന്ന ലോറികള്‍ നൂറുരൂപവച്ച് പിരിവ് കൊടുക്കണെമെന്ന ആവശ്യവുമായി മേനംകുളം സ്വദേശിയായ ഒരാള്‍ ലോറിക്കാരെ സമീപിച്ചിരുന്നു. എന്നാല്‍ ലോറിക്കാര്‍ അതിനു സമ്മതിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ ഭീഷണിയും മറ്റുമുണ്ടായതായി ലോറിക്കാര്‍ പറയുന്നു. അതിനു ശേഷമാണ് ഈ സംഭവം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഈ സംഭവുമായി അദ്ദേഹത്തിന് ബന്ധമില്ലെന്ന് കണ്ട് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് മേനംകുളത്ത് ഗവണ്‍മെന്റ് അംഗീകാരത്തോടെ മണലെടുക്കുന്നത്. ഇതിനുപയോഗിക്കുന്ന ലക്ഷങ്ങള്‍ വിലവരുന്ന മെഷിനും അക്രമിസംഘം തകര്‍ത്തിട്ടുണ്ട്.