നിയന്ത്രണം വിട്ട പാരലല്‍ സര്‍വ്വീസ് പൂക്കടയിലേക്ക് പാഞ്ഞുകയറി; രണ്ടു മരണം

single-img
17 May 2012

തിരുവനന്തപുരം കഠിനംകുളത്തിനുസമീപം മഹീന്ദ്ര ടെമ്പോ നിയന്ത്രണം വിട്ട് പൂക്കടയിലേക്ക് പാഞ്ഞുകയറി രണ്ടു സ്ത്രീകള്‍ മരിച്ചു. കഠിനംകുളം സ്വദേശിനിയായ രജപതി(60), ഓമന (72) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ബേബി (32), രാധ (45) എന്നിവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കഠിനംകുളം പോലസ് സ്‌റ്റേഷന്റെ ആവശ്യത്തിനു വേണ്ടി ഓടുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. സംഭവം നടക്കുമ്പോള്‍ വാഹനത്തിന്റെ ക്ലീനറായിരുന്ന ബേബിയായിരുന്നു
ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം വികലാംഗനും കൂടിയായിരുന്നു. മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുമ്പോഴാണ് വാഹനം റോഡ് സൈഡില്‍ കിടന്നിരുന്ന മെറ്റലിലും മണലിലും കയറി നിയന്ത്രണം വിട്ട് പൂക്കടയിലേക്ക് ഇടിച്ചുകയറിയത്. മരിച്ച സ്ത്രീകള്‍ രണ്ടുപേരും പൂക്കടയിലെ തൊഴിലാളികളാണ്.

ഈ റൂട്ടില്‍ അലക്ഷ്യമായുള്ള വാഹനാപകടം ഒട്ടനവധി ജീവനുകള്‍ കവര്‍ന്നിട്ടുണ്ട്. ലൈസന്‍സില്ലാത്ത ക്ലീനര്‍ വാഹനമോടിച്ച് അത്‌ പാര്‍വ്വതി പുത്തനാറിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചതും ഈ സംഭവം നടക്കുന്നതിനു സമീപമാണ്. ആ സംഭവം നടന്നിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല.