ചന്ദ്രശേഖരന്‍ വധം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

single-img
16 May 2012

ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കുന്ദമംഗലം കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് ഇവരെ കോടതിയില്‍ എത്തിച്ചത്. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് നിരവധി പേര്‍ കോടതിവളപ്പിലെത്തിയിരുന്നു. പ്രതികളില്‍ ഉള്‍പ്പെട്ട സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു പേരെയാണ് കോടതിയില്‍ ഹാജരാക്കിയത്. രവീന്ദ്രനെക്കൂടാതെ ചൊക്ലി കവിയൂര്‍ റോഡ് മാരാംകുന്നുമ്മല്‍ പ്രദീപനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള മൂന്നു പേരെ നാലു ദിവസത്തേക്കും പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. അഴിയൂര്‍ കോട്ടാലക്കുന്ന് കുന്നുമ്മല്‍ ദീപു എന്ന ദിപിന്‍, അഴിയൂര്‍ കല്ലറോത്ത് രമ്യനിവാസില്‍ കുട്ടു എന്ന രമീഷ്, കോടിയേരി അനന്തം രജിത് എന്നിവരെയാണ് നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ നടപടി.