തരുണിയുടെ മൃതദേഹം ഇന്നു ഇന്ത്യയിൽ എത്തിക്കും

single-img
16 May 2012

മുംബൈ:നേപ്പാളിൽ വിമാനം തകർന്ന് മരിച്ച തരുണി സച്ദേവ്(14) ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹം ഇന്നു ഇന്ത്യയിലെത്തിക്കുമെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു.തരുണി ഉൾപ്പെടെ 13 ഇന്ത്യക്കാർ ആയിരുന്നു മരണപ്പെട്ടത്.ഹിമാലയ പർവ്വതത്തിന്റെ താഴ്വാരത്തിലെ പ്രശസ്ത മുക്തിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീർഥാടക സംഘത്തിന്റെ വിമാനമാണ് തിങ്കളാഴ്ച്ച അപകടത്തിൽ പെട്ടത്.ഈ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 15 പേരാണ് മരിച്ചത്.ചെന്നൈ സ്വദേശിയായ യുവാവും രണ്ടു പെണ്മക്കളും ഉൾപ്പെടെ ആറു പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.ഇതിൽ ചെന്നൈ സ്വദേശി ശ്രീകാന്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.വെള്ളിനക്ഷത്രം,സത്യം എന്നീ മലയാള സിനിമകളിലൂടെ പ്രശസ്തയായ തരുണിയുടെ വേർപാട് മലയാളക്കരയാകെ ദു:ഖത്തിലാഴ്ത്തി.ബോളിവുഡ് ചിത്രം ‘പാ’യിൽ അമിതാഭ് ബച്ചന്റെയും മകൻ അഭിഷേക് ബചന്റെയും കൂടെ മികച്ച വേഷവും തരുണി ചെയ്തിരുന്നു.രസ്ന ,കോൾഗേറ്റ് എന്നിവയുടെ പരസ്യ ചിത്രത്തിലും തരുണി അഭിനയിച്ചിരുന്നു.ബോളിവുഡിൽ രസ് ന ഗേൾ എന്നായിരുന്നു തരുണി അറിയപ്പെട്ടിരുന്നത്.തരുണിയുടെ മരണവാർത്തയറിഞ്ഞ ബച്ചന്റെ പ്രതികരണം ദൈവമേ ഇതു സത്യമാകരുതെയെന്നായിരുന്നു.തരുണിയെകൂടാതെ അമ്മ ലതയും ഈ അപകടത്തിൽ മരിച്ചിരുന്നു.