സന്തോഷ് ട്രോഫി; കേരളം ഹിമാചലിനെ കീഴടക്കി

single-img
16 May 2012

ഹിമാചല്‍ പ്രദേശിനെ ഏകപക്ഷീയമായ നാലുഗോളിന് തോലപ്പിച്ച് കേരളം സന്തോഷ് ട്രോഫിയില്‍ ആദ്യകടമ്പ കടന്നു. ഗോള്‍വരള്‍ച്ച നേരിട്ട ആദ്യപകുതിക്കുശേഷം രണ്ടാംപകുതിയിലാണ് നാലുഗോളും പിറന്നത്. വിനീത് ആന്റണി രണ്ടുതവണ എതിര്‍വല കുലുക്കിയപ്പോള്‍ രാകേഷും മുഹമ്മദ് റാസിയും പട്ടിക പൂര്‍ത്തിയാക്കി. ക്വാര്‍ട്ടറില്‍ കേരളത്തിന്റെ ആദ്യ എതിരാളികള്‍ ശക്തരായ പഞ്ചാബാണ്. 18 നാണ് അവരുമായുള്ള മത്സരം. പരിക്കുകാരണം ത്രിപുരയ്‌ക്കെതിരേ കളിക്കാതിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആര്‍. കണ്ണനെ ഇറക്കി പരീക്ഷണം നടത്താന്‍ ടീം മാനേജ്‌മെന്റ് ഇന്നലെയും തയാറായില്ല. കഴിഞ്ഞ മത്സരത്തില്‍ നേരിയ പരിക്കേറ്റ നസറുദീനും സൈഡ് ബെഞ്ചില്‍ തന്നെയായിരുന്നു സ്ഥാനം. വിനീത് ആന്റണിയാണ് കളിയിലെ താരം. കേരളത്തിനു ക്വാര്‍ട്ടറില്‍ നേരിടാനുള്ളത് ഇന്ത്യന്‍ ഫുട്‌ബോളിലെ ശക്തികേന്ദ്രങ്ങളായ പഞ്ചാബ്, ബംഗാള്‍, മഹാരാഷ്ട്ര എന്നിവരെയാണ്. ഇതില്‍ പഞ്ചാബിനെതിരായ ആദ്യമത്സരമായിരിക്കും കേരളത്തിന്റെ തുടര്‍മുന്നേറ്റങ്ങളെ നിര്‍ണയിക്കുക.