സ്‌കൂളുകളുടെ സമീപത്തെ പുകയില വില്‍പന: മന്ത്രിസഭാ തീരുമാനം അട്ടിമറിക്കപ്പെട്ടതായി മുഖ്യമന്ത്രി

single-img
16 May 2012

വിദ്യാലയങ്ങളുടെ സമീപത്തെ പുകയില വില്‍പന സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അട്ടിമറിക്കപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പാന്‍മസാല, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്നായിരുന്നു കേന്ദ്രനിയമം. എന്നാല്‍ 100 മീറ്ററായി പരിമിതപ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് ഇത് സുലഭമായി ലഭിക്കുമെന്ന കാര്യം കണക്കിലെടുത്ത് സംസ്ഥാന മന്ത്രിസഭായോഗം ഈ ദൂരപരിധി 400 മീറ്ററായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്‍വലിച്ച ശേഷമാണ് ആരോഗ്യവകുപ്പിന് അയച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗൗരവമായ ഒരു വീഴ്ചയായിട്ടാണ് ഇത് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറിയോടും ഡെപ്യൂട്ടി സെക്രട്ടറിയോടും വിശദീകരണം തേടുമെന്നും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.