വീര നേതാവിന് നാടിന്റെ അശ്രുപൂജ

single-img
5 May 2012

അക്രമികളുടെ ക്രൂരതയാർന്ന ആയുധങ്ങൾക്ക് മാത്രം നിശബ്ദമാക്കാൻ കഴിഞ്ഞ ധീരയോദ്ധാവിന് ജന്മനാട് വിട നൽകി.അവസാനമായി ഒരു നോക്കുകാണാൻ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിർത്തി ശനിയാഴ്ച രാത്രി ഏറെ വൈകി തൈവെച്ചപറമ്പിലെ വീട്ടുവളപ്പിൽ ടി.പി.ചന്ദ്രശേഖരനെന്ന ചുവന്ന നക്ഷത്രം എരിഞ്ഞടങ്ങി.ഏകമകൻ അഭിനന്ദ് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ രാഷ്ട്രീയ കേരളമൊന്നടങ്കം വിതുമ്പി.ശവസംസ്കാരം വൈകുന്നേരം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഏറെ വൈകി.പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം വിട്ടുനൽകിയത്. അതിന് ശേഷം കോഴിക്കോട് ടൌൺ ഹാളിൽ നടന്ന പൊതുദർശനത്തിന് ആയിരങ്ങളാണ് ധീരസഖാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിച്ചേർന്നത്.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദനും മന്ത്രിമാരുമുൽ‌പ്പെടെയുള്ളവർ ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു.