ഒഞ്ചിയത്തെ വിമത സിപിഎം നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

single-img
4 May 2012

റെവല്യൂഷനറി മാര്‍കിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടി കൊലപ്പെടുത്തി. രാത്രി പത്തേ മുക്കാലോടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ അക്രമിസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വടകര വള്ളിക്കാടുവച്ചായിരുന്നു സംഭവം.തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു മുഖം.ആസ്​പത്രിയില്‍ വെച്ച് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലാക്കിയത്.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ആക്രമണത്തില്‍ ചന്ദ്രശേഖരന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ വടകര താലൂക്ക് ആശുപത്രിയില്‍എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

എസ്.എഫ്.ഐയിലൂടെയാണു ടി.പി. ചന്ദ്രശേഖരൻ രാഷ്ട്രീയ പ്രവേശനം നടത്തിയത്.എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഎമ്മിന്റെ കോട്ടയായ ഒഞ്ചിയത്ത് സിപിഎമ്മിന്റെ പ്രത്യേയശാസ്ത്ര വ്യതിചലനങ്ങളെ എതിർത്ത് പാർട്ടി വിട്ട ടി.പി. ചന്ദ്രശേഖരൻ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു.തികഞ്ഞ വിഎസ് പക്ഷക്കാരനായിരുന്നു ടി.പി. ചന്ദ്രശേഖരൻ.ചരിത്രത്തിലാദ്യമായി ഒഞ്ചിയത്തെ സിപിഎം ഭരണം ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.

ഭാര്യ: രമ. മകന്‍: നന്ദു. പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ്കുമാര്‍.