ലക്ഷദ്വീപിലും നാവികത്താവളമായി

single-img
1 May 2012

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നാവികത്താവളം തുറന്നു. ലക്ഷദ്വീപിലെ കവരത്തിയിലാണു പൂര്‍ണതോതിലുള്ള ഈ താവളം. ഐഎന്‍എസ് ദ്വീപ്രക്ഷാക് എന്ന പേരിലുള്ള ഈ താവളം ഇന്നലെ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍.സുശീല്‍ കമ്മീഷന്‍ ചെയ്തു.

പ്രതിരോധശക്തിയിലും തീരദേശസുരക്ഷയിലും നിര്‍ണായകമാണു ലക്ഷദ്വീപിലെ നാവികത്താവളമെന്നു സുശീല്‍ പറഞ്ഞു. കപ്പല്‍ഗതാഗത നിരീക്ഷണത്തിനും രഹസ്യാന്വേഷണ സമാഹരണത്തിനുമായി പ്രത്യേക റഡാര്‍‌സ്റ്റേഷനും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്യാപ്റ്റന്‍ എസ്.എം.ഹാന്‍ചിനാലാണ് ഈ താവളത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍. ലക്ഷദ്വീപിന്റെയും മിനിക്കോയിയുടെയും നേവല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് എന്ന അധികചുമതലയും ഇദ്ദേഹം വഹിക്കും. അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനായി നാവികസേനയുടെ നിരവധി കപ്പലുകള്‍ പട്രോളിംഗിലേര്‍പ്പെട്ടുവരുന്നുണ്ട്. ഇനിമുതല്‍ ഐഎന്‍എസ് ദ്വീപ്രക്ഷാക് കേന്ദ്രീകരിച്ചായിരിക്കും ഈ കപ്പലുകളുടെ പ്രവര്‍ത്തനം. അയല്‍രാജ്യമായ ചൈന ഉയര്‍ത്തുന്ന ഭീഷണികൂടി കണക്കിലെടുത്താണു ലക്ഷദ്വീപില്‍ നാവികത്താവളം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.