കടൽക്കൊല:ഒത്തുതീർപ്പ് കരാർ നിയമവിരുദ്ധം

single-img
30 April 2012

കടലിൽ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കൾ ഇറ്റാലിയൻ സർക്കാറുമായി കരാർ ഉണ്ടാക്കിയതിന് കേരള ഹൈക്കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ സുപ്രീം കോടതിയും രൂക്ഷമായ ഭാഷയിൽ ബന്ധുക്കളെ വിമർശിച്ചു.കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇറ്റലിക്കാരും തമ്മിലുണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.ഇന്ത്യൻ നിയമവ്യവസ്ഥയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്.കരാറിലെ വ്യവസ്ഥകൾ പലതും ഇന്ത്യൻ നിയമമനുസരിച്ചുള്ളതല്ലെന്നും അതുകൊണ്ട് തന്നെ കരാർ നിയമപരമായി നിലനിൽക്കില്ലെന്നും നിശിതമായി കോടതി വിമർശിച്ചു.കൂടാതെ കരാർ നിയമപരമായി അതിശയിപ്പിക്കുന്നതാണെന്നും പരമോന്നത നീതിപീഠം പറഞ്ഞു.കപ്പൽ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ടുള്ള ഉടമകളുടെ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകികൊണ്ടുള്ള ഒത്തുതീർപ്പ് കരാറിനെ വിമർശിച്ചത്.ഏറെ വിവാദമുയർത്തിയ അഡീ.സോളിസിറ്റർ ജനറൽ ഹരേൻ പി.റാവത്ത് കേസിൽ കേരളത്തിന് അന്വേഷിക്കാൻ അധികാരമില്ലെന്ന് പറഞ്ഞത് തള്ളിക്കളയാത്തതെന്തെന്നും ഇന്ത്യൻ സമുദ്രാതിർത്തിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കാത്തതെന്തെന്നും കോടതി ആരാഞ്ഞു.