ബംഗാരു ലക്ഷ്മൺ ബിജെപിയിൽ നിന്ന് രാജിവെച്ചു

single-img
30 April 2012

ആയുധ കോഴക്കേസിൽ നാലു വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി ദേശീയ അധ്യക്ഷൻ ബംഗാരു ലക്ഷ്മൺ പാർട്ടിയിൽ നിന്ന് രാജിവെച്ചു.പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായിരുന്ന അദേഹം തന്റെ രാജിക്കത്ത് പ്രസിഡന്റ് നിതിൻ ഗഡ്ഗരിയ്ക്ക് കൈമാറി.ഇപ്പോൾ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ലക്ഷമൺ രാജിക്കത്ത് അയച്ച് കൊടുക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് നാലു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചത്.പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസത്തെ വെറും തടവും അനുഭവിക്കണം.2001 ൽ ആണ് ആയുധ ഇടപാടുകാരായി വേഷം മാറിയെത്തിയ തെഹൽക്ക മാധ്യമ പ്രവർത്തകരുടെ ഒളിക്യാമറയിൽ ലക്ഷ്മൺ കോഴ വാങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതും,രാജ്യത്തിനെ തന്നെ ഞെട്ടിച്ച അഴിമതി കഥ പുറത്ത് വന്നതും.അപ്പോൾ ബിജെപി അധ്യക്ഷനായിരുന്ന ലക്ഷ്മൺ അതിനെ തുടർന്ന് തൽസ്ഥാനം രാജിവെച്ചിരുന്നു.എന്നാൽ കഴിഞ്ഞ പതിനൊന്നു വർഷമായി നടന്ന് വരുന്ന വിചാരണയ്ക്കിടയിൽ ബിജെപിയുടെ നേതവായി തുടരുകയായിരുന്നു അദേഹം.