യുഡിഎഫില്‍ ബ്രോയിലര്‍ കോഴികളുടെ കാലം: കെ. സുരേന്ദ്രന്‍

single-img
29 April 2012

യു.ഡി.എഫില്‍ നാല്‍പ്പത്തിയഞ്ച് ദിവസം വളരുന്ന ബ്രോയിലര്‍ കോഴികളുടെ കാലമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അമ്പത് വര്‍ഷത്തിലേറെക്കാലമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച എം.എം ഹസ്സനടക്കമുള്ള നേതാക്കള്‍ക്ക് ഒരു കോഴിപൂട പോലും നേടാന്‍ പറ്റിയില്ല.

എന്നാല്‍ സിപിഎമ്മില്‍ നിന്ന് രാജിവെച്ച് വന്ന ശെല്‍വരാജിന് എംഎല്‍എ സീറ്റ് നല്‍കിയിരിക്കുകയാണ്. ഇതുപോലെ അബ്ദുള്ളകുട്ടിക്ക് എംഎല്‍എ സ്ഥാനവും മഞ്ഞളാംകുഴി അലിയ്ക്ക് മന്ത്രി സ്ഥാനവും സിപിഎമ്മില്‍ നിന്ന് വന്നയുടനെ ലഭിച്ചത് ഇതിന് തെളിവാണ്.

നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥിയായതോടെ ഇരു മുന്നണികള്‍ക്കും ആശങ്കയും ആശയകുഴപ്പവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒ. രാജഗോപാലിനെതിരെ പരാമര്‍ശവുമായി യുഡിഎഫ് അടക്കമുള്ളവര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ഒ. രാജഗോപാല്‍ നേര്‍ച്ച കോഴിയാണെന്ന എം.എം ഹസന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. യഥാര്‍ഥത്തില്‍ ഭൂരിപക്ഷത്തെ നേര്‍ച്ചക്കോഴിയാക്കിയാണ് യുഡിഎഫിന്റെ ഭരണം പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിനെ ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍ പോലുള്ള ആപത്ഘട്ടത്തില്‍ സഹായിച്ച പിണറായി വിജയനാണ് ഇപ്പോള്‍ ലീഗിനെതിരെ തിരിഞ്ഞിരിക്കുന്നത്. പിണറായിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണെ്ടങ്കില്‍ മുന്‍പ് ലീഗിന് രാഷ്ട്രീയത്തില്‍ വരാന്‍ സഹാചര്യമൊരുക്കിയത് ഉള്‍പ്പെടെയുള്ള സി.പി. എമ്മിന്റെ നയം തെറ്റാണെന്ന് പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമിദാന കേസില്‍ ലീഗിലെ പ്രമുഖ നേതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും മുഖ്യമന്ത്രിയടക്കമുള്ളവരുടെ അറിവോടെയാണ് ഇത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.