ജിന ഹികാക മാനസികസമ്മര്‍ദത്തില്‍; രാജിക്കാര്യത്തില്‍ അനിശ്ചിതത്വം

single-img
29 April 2012

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുത്തശേഷം സ്വതന്ത്രനാക്കിയ ബിജെഡി എംഎല്‍എ ജിന ഹികാക കടുത്ത മാനസികസമ്മര്‍ദത്തില്‍. എംഎല്‍എസ്ഥാനവും പാര്‍ട്ടി പ്രവര്‍ത്തനവും ഉപേക്ഷിച്ച് സാധാരണക്കാരനായി പ്രവര്‍ത്തിക്കാമെന്നു മാവോയിസ്റ്റുകള്‍ സംഘടിപ്പിച്ച ജനകീയ കോടതിയില്‍ ഉറപ്പുനല്കിയതിനെത്തുടര്‍ന്നാണ് ആദിവാസി വിഭാഗത്തില്‍നിന്നുള്ള ജിനഹികാകയെ മാവോയിസ്റ്റുകള്‍ മോചിപ്പിച്ചത്.

എംഎല്‍എസ്ഥാനംരാജിവയ്ക്കുമോയെന്നു സ്വതന്ത്രനായ അന്നുമുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ജിന ഹികാകയോട് ആരായുന്നുണെ്ടങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം അതും മാറ്റി.

രാജിക്കാര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എംഎല്‍എ കടുത്ത മാനസികസമ്മര്‍ദത്തിലാണെന്നു കുടുംബാംഗങ്ങളും പറയുന്നു. പ്രശ്‌നത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയുന്നയവസ്ഥയിലല്ല താനെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്കു ഹികാകയുടെ മറുപടി. അതേസമയം, രാജിവച്ചില്ലെങ്കില്‍ എംഎല്‍എ തങ്ങളെ ചതിച്ചതായി കണക്കാക്കുമെന്നാണു മാവോയിസ്റ്റുകളുടെ നിലപാട്.