രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആന്റണി കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി

single-img
29 April 2012

രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അഭിപ്രായരൂപീകരണം നടത്താന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണി ഡിഎംകെ നേതാവ് എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

എന്‍സിപി നേതാവ് ശരത് പവാറുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരുണാനിധിയുമായി ചര്‍ച്ച നടത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യം കരുണാനിധിയുമായി ചര്‍ച്ച ചെയ്തതായും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിക്കുമെന്നും പുറത്തുപറയാനാകില്ലെന്നും ആന്റണി പറഞ്ഞു. രാജ്യത്തെ മുതിര്‍ന്ന നേതാവാണ് കരുണാനിധിയെന്നും യുപിഎയുമായി ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഡിഎംകെയെന്നും കരുണാനിധിയുടെ ഉപദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഡിഎംകെ നേതാക്കളായ ടി.ആര്‍. ബാലു, ടി.കെ.എസ്. ഇളങ്കോവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.