പാക് ഹിന്ദുക്കൾക്ക് തിരിച്ചറിയൽ കാർഡ്

single-img
25 April 2012

പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് കമ്പ്യൂട്ടർ വത്കൃത തിരിച്ചറിയൽ കാർഡ് നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.രാജ്യത്ത് ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ സംവിധാനങ്ങളില്ലാത്തതിന്റെ പേരിൽ വിവാഹ സർട്ടിഫിക്കറ്റുകൾ ഹിന്ദു സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല.ഇത് അവർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനും തടസമായി.ഇക്കാര്യം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.മുൻപ് കേസ് പരിഗണയ്ക്ക് വന്നപ്പോൾ ഹിന്ദു സ്ത്രീകൾക്ക് കാർഡ് നൽകാനായി സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ഇതിനായി വിവാഹിതയാണെന്ന സത്യവാങ്ങ്മൂലം നൽകിയാൽ മതിയെന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു.എന്നാൽ കോടതി ഇത് തള്ളിയതിനെ തുടർന്നാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.ഇതോടെ കേസ് തീർപ്പായതായി കോടതി അറിയിച്ചു.

ഇന്ത്യയിലേയ്ക്ക് തീർത്ഥാടനത്തിന് വരാനായി പാസ്പോർട്ടിനപേക്ഷിച്ച പ്രേം സാരി മായി എന്ന് സ്ത്രീയുടെ അനുഭവങ്ങളെ കുറിച്ച് വന്ന പത്ര റിപ്പോർട്ടാണ് സുപ്രീം കോടതിയുടെ നടപടിയ്ക്ക് കാരണമായത്.വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിൽ അവർക്ക് പാസ്പോർട്ട് ലഭിച്ചില്ല.കൂടാതെ അന്ധികൃതമായി ഒരു പുരുഷനൊത്ത് താമസിക്കുന്നു എന്ന് അധിക്ഷേപിക്കുകയും ചെയ്തു.ഒടുവിൽ വൻ തുക കൈക്കൂലി നൽകി അവർ പാസ്പോർട്ട് സംഘടിപ്പിക്കുകയായിരുന്നു.