മുംബൈ ഭീകരാക്രമണം: കസബിന്റെ അപേക്ഷ സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവച്ചു

single-img
25 April 2012

മുംബൈ   ഭീകരാക്രമണക്കേസിലെ പ്രതിയായ  അജ്മല്‍ കസബിന്റെ  അപേക്ഷ സുപ്രീം കോടതി വിധി പറയാതെ മാറ്റിവച്ചു. ഭീകരാക്രമണക്കേസില്‍ തന്റെ വധശിക്ഷ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കസബ് നല്‍കിയ അപേക്ഷയാണ് രണ്ട് മാസത്തെ വിചാരണയ്ക്ക് ശേഷം സുപ്രീംകോടതി വിധിപറയാതെ മാറ്റിവച്ചത്. അഫ്താബ് അലം, സി.കെ പ്രസാദ്  എന്നിവരടങ്ങിയ  ബഞ്ചംഗങ്ങളാണ് കേസ് പരിഗണിച്ചത്.

ജയിലില്‍ കഴിയുന്ന  അജ്മല്‍  തന്റെ  വധശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍  മുതിര്‍ന്ന അഭിഭാഷകനായ  രാജു രാമചന്ദ്രനെ അമിക്ക്യസ് ക്യൂറിയായി സുപ്രീംകോടതി   നിയമിച്ചിരുന്നു.  രാജ്യത്തിനെതിരെ  യുദ്ധം ചെയ്യാനുള്ള  ഗൂഡാലോചനയില്‍  താന്‍  പങ്കാളിയായിരുന്നില്ലെന്നും തനിക്ക് മാന്യമായ   വിചാരണ ലഭിച്ചില്ലെന്നും  കസബ്  വിചാരണയ്ക്കിടയില്‍ കോടതിയോട് പറഞ്ഞു. റോബര്‍ട്ടിനെ പോലെ  തന്നെ  ബ്രെയ്ന്‍ വാഷ് ചെയ്ത് തെറ്റ് ചെയ്യാന്‍  പ്രേരിപ്പിക്കുകയായിരുന്നുവെന്നും  പ്രായം കണക്കിലെടുത്ത്  വധശിക്ഷയില്‍ നിന്നും  തന്നെ ഒഴിവാക്കി തരണമെന്നും  കസബ്  കോടതിയോട്   അഭ്യര്‍ത്ഥിച്ചു.   എന്നാല്‍  വ്യക്തമായ  ആസൂത്രണത്തോടെയാണ്  മുംബൈ ഭീകരാക്രമണം നടത്തിയതെന്നന്ന് സോളിസിറ്റര്‍  ജനറല്‍  ഗോപാല്‍ സുബ്രഹ്മണ്യവും  സ്‌പെഷ്യല്‍  പബ്ലിക്പ്രോസിക്യൂട്ടര്‍  ഉജ്ജ്വല്‍ നിഗവും  വാദിച്ചു.  മുംബൈ ഭീകരാക്രമണത്തില്‍  166 പേര്‍ കൊല്ലപ്പെടുകയും  നൂറുകണക്കിന് പേര്‍ക്ക്  പരിക്കേല്‍ക്കുകയും  ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍  10ന്  സുപ്രീംകോടതി  അജ്മല്‍ കസബിന്റെ  വധശിക്ഷ  സ്‌റ്റെ ചെയ്തിരുന്നു.