ഭൂമിദാനം റദ്ദാക്കി

single-img
24 April 2012

കാലിക്കറ്റ് സർവകലാശാലയുടെ വിവാദമായ ഭൂമിദാനം സിൻഡിക്കേറ്റ് റദ്ദാക്കി.ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിലാണ് സിൻഡിക്കേറ്റിന്റെ മുൻ തീരുമാനം തിരുത്തുന്നതെന്ന് വൈസ് ചാൻസലർ ഡോ.എം.അബ്ദുൾ സലാം ഇന്നലെ നടന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിന് ശേഷം പറഞ്ഞു.കേരള ബാഡ്മിന്റൺ ഡെവലപ്മെന്റ് ട്രസ്റ്റ്,ഒളിമ്പിക് അസോസിയേഷൻ,ഗ്രേസ് എഡ്യൂക്കേഷനൻ ട്രസ്റ്റ് തുടങ്ങിയവയ്ക്ക് ഭൂമി നൽകാനായിരുന്നു തീരുമാനം.ഇത് റദ്ദാക്കിയതിനൊപ്പം പള്ളിക്കൽ പഞ്ചായത്തിന് ബസ്സ് സ്റ്റാൻഡ് നിർമ്മിക്കാൻ ഭൂമി നൽകാനെടുത്ത തീരുമാനവും റദ്ദാക്കിയിട്ടുണ്ട്.

ഭൂമി നേടിയെടുക്കുന്ന ട്രസ്റ്റുകളുടെ തലപ്പത്തുള്ളവർ മുസ്ലീം ലീഗ് ബന്ധമുള്ളവരാണെന്ന് പുറത്തറിഞ്ഞതിനെ തുടർന്നാണ് സംഭവം വിവാദമായത്.ക്യാമ്പസിൽ അക്രമ സമരങ്ങളിലേയ്ക്കും മറ്റും അരങ്ങേറിയതിനെ തുടർന്ന് തീരുമാനം റദ്ദാക്കുന്നതിനായി അടിയന്തര യോഗം വിളിക്കണമെന്ന് സിൻഡിക്കേറ്റംഗങ്ങൾ വിസിയോട് ആവശ്യപ്പെടുകയായിരുന്നു.ഭൂമി നൽകാനുള്ള സർവകലാശാലയുടെ തീരുമാനത്തെ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ വിമർശിക്കുകയും ചെയ്തിരുന്നു.മറ്റ് പദ്ധതികൾ വേണ്ടെന്ന് വെച്ചെങ്കിലും ഒളിമ്പിക് അസോസിയേഷനുമായി ചേർന്ന് നിർമ്മിക്കാനിരുന്ന ഗ്രീൻ സ്പോർട്സ് കോംപ്ലക്സ് സർവകലാശാല നിർമ്മിക്കുമെന്ന് വിസി അറിയിച്ചു.യുജിസി ഫണ്ട് ഉപയോഗിച്ചായിരിക്കും 92 കോടി രൂപ ചെലവുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക.ഇവ കൂടാതെ സർവകലാശാല ഭൂമി പാട്ടത്തിനെടുത്ത് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിനായി സിൻഡിക്കേറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചു.അഡ്വ.പി.എം.നിയാസ്,കെ.ശിവരാമൻ,ടി.പി.അഷ്റഫ് എന്നിവരാണ് സമിതി അംഗങ്ങൾ.