നവോദയ അപ്പച്ചന്‍ അന്തരിച്ചു

single-img
23 April 2012

മലയാള സിനിമയെ ടെക്‌നോളജി യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രശസ്ത സിനിമാ നിര്‍മാതാവ് നവോദയ അപ്പച്ചന്‍(81) അന്തരിച്ചു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ വൈകുന്നേരം 6.40നായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ സ്ഥിതി ഗുരുതരമാവുകയും വൈകുന്നേരത്തോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

പഴയ ഉദയാ സ്റ്റുഡിയോ ഉടമയും പ്രശസ്ത സംവിധായകനും നിര്‍മാതാവുമായിരുന്ന കുഞ്ചാക്കോയുടെ ഇളയ സഹോദരനാണ് അപ്പച്ചന്‍. കുഞ്ചാക്കോയുടെ സഹായിയായാണ് സിനിമാ നിര്‍മാണരംഗത്ത് എത്തിയത്. തുടര്‍ന്ന് നവോദയ എന്ന പേരില്‍ സ്വന്തം ബാനറില്‍ നിരവധി സിനിമകള്‍ നിര്‍മിച്ചു. ‘ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രി ഡി സിനിമയുടെ നിര്‍മാതാവ് എന്ന നിലയിലാണ് അദ്ദേഹം സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ചത്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം(തച്ചോളി അമ്പു), ആദ്യ 70എംഎം ചിത്രം(പടയോട്ടം) തുടങ്ങിയവ നിര്‍മിച്ചതും നവോദയ അപ്പച്ചനായിരുന്നു. ഇങ്ങനെ സിനിമയുടെ പുതുമേഖലകളില്‍ പരീക്ഷണം നടത്തി വിജയിച്ച നിര്‍മാതാവാണ് നവോദയ അപ്പച്ചന്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍(ഫാസില്‍), ചാണക്യന്‍(ടി.കെ.രാജീവ്കുമാര്‍), ഒന്നു മുതല്‍ പൂജ്യം വരെ(രഘുനാഥ് പലേരി) തുടങ്ങിയ പുതുമുഖ സംവിധായക ചിത്രങ്ങള്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അതില്‍ നിര്‍മ്മാതാവിന്റെ സ്ഥാനത്തെല്ലാം അപ്പച്ചന്റെ പേരായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സിനിമാ രംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നെങ്കിലും വാട്ടര്‍ തീം പാര്‍ക്ക്(കിഷ്‌കിന്ദ) പോലുള്ള പുതു വ്യവസായ രംഗങ്ങളില്‍ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. പുതുയൊരു ചിത്രം നിര്‍മ്മിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന അവസരത്തിലാണ് മരണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ തിരശ്ശീലയിട്ടത്.