ഹൃദയങ്ങളുടെ എൽ ക്ലാസിക്കൊ ഇന്ന്

single-img
21 April 2012

എൽ ക്ലാസിക്കൊ.യൂറോപ്യൻ ഫുട്ബാൽ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന ദിനം.നേർക്കുനേർ വരുമ്പോഴെല്ലം ആരാധകരെ മുൾമുനയിൽ നിർത്തുന്ന ബാഴ്സലോണ-റയൽ മഡ്രിഡ് പോരാട്ടം ഇന്ന് നൌക്കാമ്പിലെ പുൽക്കൊടികളെ തീ പിടിപ്പിക്കും.സ്പാനിഷ് ചാമ്പ്യന്മാരെ തീരുമാനിക്കുന്ന പോരാട്ടം കൂടിയാണിത്.നിലവിലെ ചാമ്പ്യന്മാരാ ബാഴ്സയ്ക്ക് മുന്നിൽ നാലു പോയിന്റിന്റെ ലീഡുമായി നിൽക്കുന്ന മഡ്രിഡിന് കറ്റാലൻ പടയെ തോൽ‌പ്പിക്കാനായാൽ കിരീടപാതയിൽ സുരക്ഷിതമായി മുന്നേറാം.എന്നാൽ രണ്ടു ടീമും ഇപ്പോൾ തുല്യ ദു:ഖിതരാണ്.ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമികളിൽ ബാഴ്സ ചെൽസിയോടും റയൽ ബയറൺ മ്യൂണിക്കിനോടും തോൽവി ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ്.എൽ ക്ലാസിക്കൊയിൽ വിജയിക്കുന്ന ടീമിനു ചാമ്പ്യൻസ് ലീഗിൽ കൂടുതൽ മനക്കരുത്തോടെ രണ്ടാം പാദത്തിനിറങ്ങാൻ കഴിയും.ചുരുക്കി പറഞ്ഞാൽ ലോകത്തെ ഏറ്റവും മികച്ച ടീമുകൾക്ക് ഇന്ന് ജയിച്ചേ പറ്റു.

ലാ ലിഗയിൽ 33 മത്സരങ്ങളിൽ നിന്നായി റയലിന് 85 പോയിന്റും ബാഴ്സയ്ക്ക് 81 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്.2008 ന് ശേഷം ലാ ലിഗയിൽ നടന്ന ഒരു എൽ ക്ലാസിക്കൊയിലും വിജയം നേടാൻ റയലിനായിട്ടില്ല.കഴിഞ്ഞ 18 മത്സരങ്ങളിലായി പരാജയമറിഞ്ഞിട്ടില്ലാത്ത അവരെ അവസാനമായി തോൽ‌പ്പിച്ചതും ബാഴ്സയാണ്.ഈ 18 മത്സരങ്ങളിൽ 15 വിജയവും മൂന്ന് സമനിലയുമായിരുന്നു.എന്നാൽ സമനിലകൾ ബാഴ്സയ്ക്ക് മേലുണ്ടായിരുന്ന വ്യക്തമായ പോയിന്റ് വ്യത്യാസം നഷ്ടപ്പെടുത്താൻ ഇടയാക്കി.ബാഴ്സയാകട്ടെ കഴിഞ്ഞ 11 ലീഗ് മത്സരങ്ങൾ വിജയിച്ചാണ് എത്തിയിരിക്കുന്നത്.ഇതിലെല്ലാമുപരി ടോപ് സ്കോറർ പദവിയ്ക്ക് മത്സരിക്കുന്ന മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പോരാട്ടം കാണാനാണ് ആരാധകർക്ക് കൂടുതൽ താല്പര്യം.ഇരുവരും 41 ഗോളുകളുമായി ലീഗിൽ ടോപ്സ്കോററാകാൻ കുതിക്കുകയാണ്.

പെപ് ഗാർഡിയോളയുടെ ചുണക്കുട്ടികളായതിന് ശേഷമാണ് ബാഴ്സ ലാ ലിഗയിൽ നടന്ന എൽ ക്ലാസിക്കൊകളിൽ തോൽവി അറിയാതെ മുന്നേറി തുടങ്ങിയത്.മറുവശത്ത് തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള ഹോസെ മൌറിന്യോയും.അതുകൊണ്ട് തന്നെ ലോകോത്തര പരിശീലകരായ ഇരുവരുടെയും പോരാട്ടം കൂടിയാണിത്.