മംഗലാപുരത്ത് ടാങ്കര്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

single-img
20 April 2012

കഴക്കൂട്ടത്തിനു സമീപം മംഗലപുരത്ത്  ടാങ്കര്‍ ലോറി റോഡിനുകുറുകെ മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക്  പരിക്ക്പറ്റി.   ഇന്ന് പുലര്‍ച്ചെ  6 മണിയോടെ മംഗലപുരത്തിനടുത്തുള്ള കുറക്കോട് സമീപം അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിയൊഴിച്ചപ്പോഴാണ് അപകടമുണ്ടായത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ ചേര്‍ത്തല സ്വദേശിയായ അഖിലി(23)ന്റെ  കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന  ചേര്‍ത്തല സ്വദേശി  ശരത്തി(24)നും പരിക്കുപറ്റിയിട്ടുണ്ടെങ്കിലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 10 വയസുള്ള കുട്ടിക്ക്  പരിക്കുകളൊന്നും  പറ്റിയിട്ടില്ല.

എറണാകുളത്തുനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക്  വിമാന ഇന്ധനവുമായി വന്ന  ടാങ്കര്‍ ലോറിയാണ്  അപകടത്തില്‍പ്പെട്ടത്.  റോഡിന് കുറുകെ മറിഞ്ഞ ലോറിയില്‍ നിന്ന്  ഏവിയേഷന്‍  ഫ്യുവല്‍  പുറത്തേയ്‌ക്കൊഴുകിയെങ്കിലും പോലീസും ഫയര്‍ഫോഴ്‌സും എത്തി  വെള്ളമൊഴിച്ച് തീപടരാതിരിക്കാന്‍ ശ്രദ്ധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.   തുടര്‍ന്ന് രണ്ട് മണിക്കൂറോളം  ഗതാഗതം തടസപ്പെട്ടു. പള്ളിപ്പുറത്ത് നിന്നും കാരമൂട് വഴി  വാഹനങ്ങള്‍ തിരിച്ചുവിട്ട് ഗതാഗതം നിയന്ത്രിക്കുകയും റോഡിനു കുറുകെയുള്ള  ലോറി ഉയര്‍ത്തിമാറ്റി ഗതാഗതം  പുന:സ്ഥാപിക്കുകയും ചെയ്തു.