കൺഫ്യൂസ്ഡ് ഗവി ഗേൾ

single-img
19 April 2012

ബീന അനിത

എന്റെ പേര് പാർവ്വതി…അല്ല ഇപ്പോൾ ശ്രിത…അയ്യോ അതുമല്ല കല്യാണി…ശ്ശോ ദൈവമേ….ഗവിഗേൾ……

ആലുവക്കാരിയായ ഈ “ ഓർഡിനറി” പെൺകൊടിയ്ക്ക് ഇപ്പോൾ സ്വയം സംശയത്തിന്റെ ദിനങ്ങളാണ്.ഒരൊറ്റ സിനിമ തനിയ്ക്ക് ഇത്രയും ‘കൺഫ്യൂഷൻ’ ആകും കൊണ്ടു വരുകയെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചില്ല..അതും സുഖമുള്ളൊരു ‘കൺഫ്യൂഷൻ’ ….
“എവിടേക്കിറങ്ങിയാലും ഗവിഗേളെന്നും കല്യാണിയെന്നുമേ കേൾക്കാനുള്ളു.എന്റെ സ്വന്തം പേരെന്തെന്ന് ആർക്കും അറിയില്ല” ഒരു ചിരിയോടെ ഇത് പറയുമ്പോൾ ശരിയ്ക്കും അത്ഭുതത്തിന്റെയും ആഹ്ലാദത്തിന്റെയും കൊടുമുടിയിലാണ് മലയാളത്തിന്റെ പുതുമുഖ “ഓർഡിനറി” നായിക.

മൂന്നു നാല് വർഷം മുൻപാണെന്നാണ് ശ്രിതയുടെ ഓർമ..മലയാളത്തിലെ ഒന്നാം നിര ലൈഫ് സ്റ്റൈൽ മാഗസിനായ വനിതയുടെ ഫോട്ടോ ക്യൂൻ കോളത്തിൽ അവളുടെ മുഖം…അവിടുന്നങ്ങോട്ട് ക്യാമറ ലെൻസുകളുടെ മുൻപിലെത്താൻ പല കോണുകളിൽ നിന്നും വിളി വരുന്നു..എങ്ങനെ പോകും …!!! പഠിക്കുന്നത് പ്ലസ്ടുവിനല്ലേ ..അപ്പോൾ ശ്രദ്ധ മുഴുവൻ പുസ്തകങ്ങളിലേയ്ക്ക് മാത്രമെന്നങ്ങ് ഉറപ്പിച്ചു.അതു കഴിഞ്ഞ് കാലടി ശ്രീ ശങ്കര കോളേജിൽ മൈക്രോ ബയോളജിയിൽ ഡിഗ്രിയ്ക്ക് ചേർന്നപ്പോൾ ഒരിക്കൽ വേണ്ടെന്ന് വെച്ച ഓഫറുകൾ ശ്രിതയെത്തേടി വീണ്ടുമെത്തി.അങ്ങനെ ശാലീനയായ മലയാളിപ്പെണ്ണിന്റെ മനോഹാരിതയുമായി മിനിസ്ക്രീനിലേയ്ക്ക് ചുവടുവെച്ചു.കൈരളി ചാനലിന്റെ ഡ്യൂ ഡ്രോപ്സ്,തമിഴകം എന്നീ പരിപാടികളിലൂടെ സ്വന്തമായൊരു ഇടമൊരുക്കിയ ശ്രിതയെത്തേടി പിന്നെയെത്തിയത് അതേ ചാനലിലെ താരോത്സവമെന്ന റിയാലിറ്റി ഷോയുടെ അവതാരകയാകാനുള്ള ക്ഷണം.. ലൈഫ് അങ്ങനെ അധികം ബഹളങ്ങളൊന്നുമില്ലാതെ നീങ്ങുന്നതിനിടയിൽ അവളുടെ മുഖം ബിഗ് സ്ക്രീനിനു ചേരുന്നതാണെന്ന് പലരും തിരിച്ചറിഞ്ഞു…സിനിമാ മോഹങ്ങളൊന്നുമില്ലാതിരുന്ന പാർവ്വതിയെ തേടി തമിഴിൽ നിന്നും മലയാളത്തിൽ നിന്നും അവസരങ്ങളെത്തി..മലയാളത്തിലെ ആദ്യ ഓഫർ തന്നെ മികച്ചത്..ഇന്ന് ഗവിഗേളെന്ന ലേബൽ ചാർത്തി നൽകിയ ഓർഡിനറി….താൻ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളടങ്ങിയ ആ ചിത്രത്തിലേയ്ക്ക് ക്ഷണം വന്നപ്പോൾ വേണ്ടെന്ന് വെയ്ക്കാൻ അവൾക്കായില്ല….ഓർഡിനറി ഗേൾ ആകാമെന്ന് കരുതി ഓഡിഷനു ചെന്നു…പക്ഷേ ആദ്യ ഓഡിഷന്റെ അവസാനം അധികം പ്രതീക്ഷയൊന്നും തോന്നിയതേയില്ലെന്നാണ് ശ്രിത സാക്ഷ്യപ്പെടുത്തുന്നത്.“പിന്നെ കൊച്ചിയിൽ വെച്ച് നടന്ന രണ്ടാമത്തെ ഓഡിഷൻ കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ സംവിധായകൻ സുഗീതേട്ടന്റെ വിളിയെത്തി.ഒരുപാട് സന്തോഷം തോന്നി.ഇത്രയും നല്ല ടീമിനൊപ്പം അഭിനയിക്കാനുള്ള അവസരമല്ലെ..”ശ്രിതയുടെ ശബ്ദത്തിൽ നിന്ന് ഇപ്പോൾ ആ സന്തോഷത്തിന്റെ നൂറിരട്ടിയാണ് അനുഭവപ്പെടുന്നത്…എങ്ങനെ സന്തോഷിക്കാതിരിക്കും….ഓർഡിനറി ,സൂപ്പർ ഡീലക്സ് ആയിട്ടല്ലെ ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം ഓടുന്നത്…സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുമ്പോൾ പലർക്കും നേരിടേണ്ടി വന്ന നിമിഷം അവൾക്കുമുണ്ടായി…വ്യത്യസ്തമായൊരു പേരല്ല അവളുടേത്…പാർവതി…ആ പേരുള്ള പല നടികളും മലയാളത്തിലുണ്ട്..ഇനി അങ്ങനെയല്ലെങ്കിൽ തന്നെ മുക്കിലും മൂലയിലും പാർവതിമാരെ കാണുന്ന നാടാണല്ലൊ നമ്മുടേത്..!!! “വ്യത്യസ്തമായൊരു പേര് കണ്ടുപിടിക്കണമെന്ന് സുഗീതേട്ടൻ പറഞ്ഞു.പിന്നെ അതിനായി ഗവേഷണം.”അങ്ങനെ കുറേ തല പുകച്ചതിന്റെയും തിരഞ്ഞതിന്റെയും അവസാനം പാർവതി ശ്രിതയായി…..

ഒരുകാലത്ത് സിനിമയിലെത്തുമെന്ന യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന പെൺകുട്ടി…എന്നാൽ മിനിസ്ക്രീനിൽ പയറ്റിതെളിഞ്ഞ അനുഭവത്തിന്റെ ബലത്തിൽ ക്യാമറയ്ക്ക് മുന്നിൽ യാതൊരു ഭയവുമില്ലാതെ കല്യാണിയായപ്പോൾ ആദ്യ ടേക്ക് തന്നെ ഓകെ….“പത്തനംതിട്ട കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിലെ ഷൂട്ടിങ്ങ് അനുഭവങ്ങൾ രസകരമായിരുന്നു.ഷൂട്ടിങ്ങ് കാണാൻ നല്ല ജനത്തിരക്കായിരുന്നു.ഇത് കാരണം ഇടയ്ക്ക് ഷൂട്ടിങ്ങ് നിർത്തി വെക്കേണ്ടിയും വന്നു.പക്ഷേ വന്നവരെല്ലാം നല്ല സഹകരണമായിരുന്നു.വലിയ ബുദ്ധിമുട്ടുകളൊന്നും അവർ ഉണ്ടാക്കിയില്ല.ആളുകളുടെ സ്നേഹം അടുത്ത് നിന്ന് അറിയാൻ പറ്റി.” ചിത്രത്തിന്റെ കുറച്ച് ഭാഗം ചിത്രീകരിച്ചത് കുട്ടിക്കാനത്തും വാഗമണിലുമായിരുന്നു.ഇതിനായി കുട്ടിക്കാനം ഗസ്റ്റ് ഹൌസിൽ മുഴുവൻ ക്രൂവുമൊത്ത് കഴിഞ്ഞ രണ്ട് മാസം ശരിക്കും ആസ്വദിച്ചുവെന്ന് ശ്രിത…“ഫോണിന് റെയ്ഞ്ചൊന്നുമില്ലാത്തൊരു സ്ഥലത്തായിരുന്നു താമസം.അതുകൊണ്ട് ഷൂട്ടിങ്ങ് കഴിഞ്ഞ് ഒഴിവു വരുന്ന സമയം എല്ലാവരും ഒത്തുചേർന്നിരുന്ന് വർത്തമാനം പറയലായിരുന്നു പ്രധാന നേരം പോക്ക്.പിന്നെ കാർഡ്സ് കളിയും.ചാക്കോച്ചന്റെ ഭാര്യ പ്രിയ ചേച്ചിയുടെ പാചകവും കൂടിയായപ്പോൾ ശരിക്കും ഫുൾ എൻജോയ്മെന്റ്.”

ഗവി ഗേളിന് ഗവിയെന്ന സ്ഥലവും ഏറെ പ്രിയം.“എന്തു ഭംഗിയാ അവിടം കാണാൻ..കേരളമെന്ന് തോന്നുകയേയില്ല.തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതി.”ആ സ്ഥലത്തിന്റെ ഭംഗി ഛായാഗ്രാഹകൻ ഫൈസലിന്റെ മികവിൽ കുറച്ച് കൂടി കൂടിയെന്നും ശ്രിത പറയുന്നു.ചിത്രത്തിനഴക് നൽകാൻ ഗവി ശരിക്കും സഹായിച്ചിട്ടുണ്ട്.മലയാളികൾക്കെല്ലാം ഓർഡിനറിയിൽ കയറാനുള്ള താല്പര്യം കണ്ട് ത്രില്ലടിച്ചിരിക്കയാണ് ശ്രിത.ഇപ്പോൾ ഗവി ഗേൾ എന്ന് എല്ലാരും വിളിക്കുമ്പോൾ ശരിക്കും “സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ“ എന്ന അവസ്ഥയിലാണ് അവൾ.

മലയാള സിനിമയിൽ ഏത് നടനെയാണ് ഇഷ്ടമെന്ന് ചോദിച്ചാൽ എല്ലാവരെയും ഇഷ്ടമാണെന്ന് ചിരിയോടു കൂടിയുള്ള ഉത്തരം ഉടനെയെത്തും.ഒരു ഡിപ്ലോമാറ്റിക് ഉത്തരമാണൊ എന്ന ചോദ്യത്തിന് “അയ്യൊ അല്ല.ശരിക്കും എനിക്ക് എല്ലാവരെയും ഇഷ്ടമാണ്.എലാവരുടെയും ആരാധികയാണ് ഞാൻ.”
“എന്നാൽ പ്രിയപ്പെട്ട നടിയുടെ കാര്യത്തിൽ ഡിപ്ലോമാറ്റ് ആണൊ എന്ന യാതൊരു സംശയവും വേണ്ട.അല്ല…ശോഭനയും മഞ്ജു വാര്യറും,അവർക്ക് മുന്നിൽ ആരും ഇല്ല.എനിക്ക് അവരെ ഒരുപാടൊരുപാടിഷ്ടമാണ്.”

ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ്,അഭിന്ദനങ്ങളുടെ പ്രവാഹം,തമിഴിൽ നിന്നും മലയാളത്തിൽ നിന്നും മികച്ച അവസരങ്ങൾ,എവിടെ ചെന്നാലും ആളുകൾ സ്നേഹത്തോടെ ഓടിയെത്തുന്നു.പക്ഷേ സിനിമ സീരിയസ്സ് കരിയർ ആയി എടുക്കാനുള്ള തീരുമാനം ഇതുവരെയും ശ്രിതയെടുത്തിട്ടില്ല.“നല്ല ഒരു അവസരം വന്നപ്പോൾ ചെയ്തു എന്നെ ഉള്ളു.ഞാൻ ഇനിയും ഇക്കാര്യം ഫൈനലൈസ് ചെയ്തിട്ടില്ല.പഠിത്തവും നോക്കണം.”

ഗവി ഗേളിന്റെ ഇമേജ് ശരിക്കും ആസ്വദിക്കുകയാണ് ശ്രിത.“അമ്പലത്തിലും മറ്റും പോകുമ്പോൾ ആന്റിമാരൊക്കെ കല്യാണിയല്ലേയെന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നുണ്ട്.ഈ ഒരു സമയം ഞാൻ ശരിക്കും എൻജോയ് ചെയ്യുന്നു.സിനിമ നടി ആയതിന്റെ തിരക്ക് നൽകുന്ന രസം ഒന്നു വേറെ തന്നെയാണ്.”
ഇന്നത്തെ യുവത്വത്തിന്റെ ഹരമായ സോഷ്യൽ നെറ്റ്വർക്കിങ്ങിൽ അല്പം പുറകോട്ടാണ് താനെന്ന് പറഞ്ഞ് ചിരിക്കുകയാണ് ഗവി ഗേൾ.“ഫെയ്സ്ബുക്കിലായാലും ഓർക്കുട്ടിലായാലും ഒരു അക്കൌണ്ട് എന്റെ പേരിൽ ഉണ്ടെന്നല്ലാതെ അത് അപ്ഡേറ്റ് ചെയ്യുന്ന കാര്യത്തിൽ ഞാൻ ഒട്ടും മുന്നിലല്ല.ഇതിന്റെ പേര് പറഞ്ഞ് എല്ലാവരും വഴക്ക് പറയും.ഇനിയിപ്പൊ അതൊക്കെ തുടങ്ങണം.”
“കുടുംബത്തിലാർക്കും കലാപാരമ്പര്യമില്ലെങ്കിലും നന്നായി പ്രോത്സാഹിപ്പിക്കാനുള്ള മനസുണ്ട്.എല്ലാവരും എന്റെ നേട്ടത്തിൽ വലിയ സന്തോഷത്തിലാണ്.എന്റെ ശക്തി എന്റെ കുടുംബം തന്നെയാണ്.”എഫ്.എ.സി.ടി.യിൽ ജൊലി ചെയ്യുന്ന അച്ഛൻ ശിവദാസും ഹൌസ് വൈഫായ അമ്മ ഉമ ശിവദാസും എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ അനിയൻ വിഘ്നേഷ് എസ്.ദാസും അടങ്ങിയ ചെറിയ കുടുംബമാണ് ശ്രിതയുടേത്.

വ്യത്യസ്തമായൊരു പേര് തേടി നടന്ന് ഒടുവിൽ കണ്ടെത്തിയ ശ്രിത എന്ന പേരിന്റെ അർഥം അഭയ സ്ഥാനമാണെന്ന് ശ്രിത പറഞ്ഞു.ഓർഡിനറിയിലെ ഗവി ഗേൾ ആയി മലയാളിയുടെ മനസിൽ സ്ഥാനം കണ്ടെത്തിയ ശ്രിതയുടെ കൈകളിൽ ഇനിയും മികച്ച കുറെ കഥാപാത്രങ്ങൾക്ക് അഭയസ്ഥാനമുണ്ടെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.അവയ്ക്കായി നമുക്ക് കാത്തിരിക്കാം..ഇപ്പോഴത്തെ ഗവി ഗേളെന്നും കല്യാണിയെന്നും ശ്രിതയെന്നും പാർവതിയെന്നുമുള്ള പേരുകൾക്കൊപ്പം നിരവധി പേരുകൾ ചേർന്ന് “കൺഫ്യൂഷൻ” കൂടട്ടെയെന്ന് ആശംസിക്കാം..